“നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, അവര്‍ തിരിച്ചടയ്ക്കല്‍ മുടക്കുന്നു”; ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: ബിജെപി നേതാവും തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്.
തിരുമല അനില്‍ പ്രസിഡന്റായ ഫാം ടൂര്‍ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചുവെന്നും അവര്‍ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കല്‍ മുടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
തന്റെ ഭാഗത്തു നിന്നും ഒരു സാമ്പത്തിക ബാധ്യതയും വന്നിട്ടില്ല, ബിനാമി വായ്പകള്‍ നല്‍കിയിട്ടില്ല. എല്ലാ സംഘത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാന്‍ ധാരാളം പണമുണ്ട്. നമ്മള് നിരവധിപേരെ സഹായിച്ചു. മാനസികമായ സമ്മര്‍ദമുണ്ട്. എന്റെ പ്രസ്ഥാനത്തെയോ പ്രവര്‍ത്തകരെയോ ഹനിച്ചിട്ടില്ല. സഹകൗണ്‍സിലര്‍മാര്‍ സഹകരിച്ചു.
കുടുംബത്തെ വേട്ടയാടരുത്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചിട്ടും പല കാരണത്താല്‍ അവരുടെ തിരച്ചടവ് വൈകുന്നുവെന്നും കത്തില്‍ വിവരിക്കുന്നു. തന്റെ മരണാനന്തര ചടങ്ങിനായി 10,000 രൂപ അനില്‍കുമാര്‍ മാറ്റിവച്ചിരുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്ത് കവറിലായിരുന്നു പണം. ആറ് കോടിയുടെ ബാധ്യത സൊസൈറ്റിക്കുണ്ടെന്നാണ് വിവരം.
അതേസമയം, അനില്‍കുമാറിന്റെ ആത്മഹത്യയെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. പോലീസിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി.
എന്നാല്‍ അനില്‍കുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.