കൃഷിയും വ്യാപാരവും പ്രതിസന്ധിയില്‍: റബര്‍ ഡീലേഴ്സ് ഫെഡറേഷന്
Tuesday, September 23, 2025 2:03 AM IST
കോട്ടയം: റബര്‍ വ്യവസായികള്‍ നയത്തിലും സമീപനത്തിലും കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍ പരമ്പരാഗത മേഖലയിലെ കൃഷിയും വ്യാപാരവും പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്.
എല്ലാവിധത്തിലുമുള്ള സ്വാഭാവിക റബറിന്റെ ഇറക്കുമതി അനിയന്ത്രിതമായി തുടരുകയാണ്. ഇതിനൊപ്പം ആസിയാന്‍ കരാര്‍ പ്രകാരം ഡ്യൂട്ടി രഹിതമായോ നിസാര നിരക്കിലോ കോമ്പൗണ്ട് റബര്‍ ഇറക്കുമതി യഥേഷ്ടം തുടരുകയാണ്.
വ്യവസായ മേഖലയിലെ പ്രധാന അസംസ്കൃത വസ്തുവായ റബറിന്റെ ലഭ്യത ഉറപ്പാക്കണമെങ്കില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ റബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണം. ഏതാനും മാസങ്ങള്‍ ഷീറ്റ് വില 200 രൂപയ്ക്കു മുകളിലെത്തിയെങ്കിലും കഴിഞ്ഞ 12 വര്‍ഷത്തെ ശരാശരി വില 149 രൂപയിലും താഴെയാണ്.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന എല്ലാത്തരം റബറുകളും കമ്പോള വിലയുടെ 96 ശതമാനം ലഭ്യമാക്കി ക്രയവിക്രയം നടത്തുന്നവരാണ് രാജ്യത്തെ 8840 റബര്‍ വ്യാപാരികള്‍. വിലയിലെ ഏറ്റക്കുറച്ചിലുകളും ലഭ്യതയിലെ അസ്ഥിരതയും വ്യാപാരത്തിനു പ്രതിസന്ധിയുണ്ടാക്കുന്നു. ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം കുറയുന്നത് തടയാനോ അവര്‍ക്ക് മെച്ചപ്പെട്ട വേതനം നല്കാന് കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ നിലവാരമുള്ള റബര്‍ ഉത്പാദിപ്പിക്കുവാനോ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും താല്പര്യമില്ല. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബറിന്റെ 35 ശതമാനവും നിലവാരം കുറഞ്ഞവയാണെന്ന് ഓട്ടോമോട്ടീവ് റബര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു.
2026 ജനുവരി ഒന്നു മുതല്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന ടയറിനും ഇതര റബര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇയുഡിആര്‍ ബാധകമാക്കിയിരിക്കുന്നു. ആ നിബന്ധനകള്‍ പാലിക്കാന്‍ സ്വാഭാവിക റബറിന് ഉയര്‍ന്ന വില ലഭ്യമാകണമെന്നും ഐആര്‍ഡിഎഫ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് വാര്‍ഷിക പൊതുയോഗത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ റബര്‍ കയറ്റുമതി ചെയ്ത പ്രിയ അസോസിയേറ്റ് കണ്ണൂര്‍, മലയാ റബ്ടെക് ഇന്‍ഡസ്ട്രീസ് കൊച്ചി, തോംസണ്‍ റബേഴ്സ് കാഞ്ഞിരപ്പള്ളി, ആര്‍വണ്‍ ഇന്റർനാഷണല്‍ കൊച്ചി, റോയല്‍ റബേഴ്സ് കാഞ്ഞിരപ്പള്ളി എന്നിവരെ ആദരിച്ചു.
പ്രസിഡന്റ് ജോര്‍ജ് വാലി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് അലി ഖാന്, ബിജു പി. തോമസ്, വിന്‍സന്റ് എബ്രഹാം, മുസ്തഫ കമാല്‍, ഡിറ്റോ തോമസ്, രാജന് ദാമു, ഒ.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു.