31 വർഷത്തിനുശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Tuesday, September 23, 2025 2:03 AM IST
ചെങ്ങന്നൂർ: 31 വർഷം മുമ്പു കൊലപാതകം നടത്തി ഒളിവിൽപോയ പിടികിട്ടാപ്പുള്ളിയെ ചെങ്ങന്നൂർ പോലീസ് പിടികൂടി.
ചെറിയനാട് അരിയന്നൂർശേരി കുറ്റിയിൽ പടിറ്റേതിൽ ജയപ്രകാശാ(57)ണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. 1994ൽ ചെങ്ങന്നൂർ ചെറിയനാട് ചെന്നക്കോടത്ത് വീട്ടിൽ കുട്ടപ്പപ്പണിക്കരെ (71) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ചെന്നിത്തല ഒരിപ്രം ഭാഗത്തെ ഇയാളുടെ വീടിനു സമീപത്തുനിന്നാണ് അറസ്റ്റ് നടന്നത്.
1994 നവംബർ 15നു രാത്രി 7.15നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്ന കുട്ടപ്പപ്പണിക്കരെ കനാലിനു സമീപത്തു ജയപ്രകാശ് കല്ലുകൊണ്ടും കൈകൊണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് കേസ്.
ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടപ്പപ്പണിക്കർ ഡിസംബർ നാലിന് മരിച്ചു. കുട്ടപ്പപ്പണിക്കർ ജയപ്രകാശിന്റെ വീട്ടുകാരെക്കുറിച്ചു മോശം പരാമർശം നടത്തിയതിൽ പ്രകോപിതനായാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു ശേഷം പ്രതി മുംബൈയിലേക്കു കടന്നു.
മർദനമേറ്റയാൾ മരിച്ചതറിഞ്ഞ് അവിടെനിന്ന് സൗദി അറേബ്യയിലേക്കു രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് 1997ൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് 1999ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 28 വർഷമായി കേസിന്റെ വിചാരണ മുടങ്ങിക്കിടക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള എസ്ഐ എസ്. പ്രദീപ് സിപിഒമാരായ ബിജോഷ് കുമാർ, വിബിൻ കെ. ദാസ് തുടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിനു ശേഷം പ്രതിയുടെ സഹോദരങ്ങളും വീടും സ്ഥലവും വിറ്റു നാടുവിട്ടിരുന്നു. പ്രതിയുടെ സഹോദരി കാസർഗോഡ് കാഞ്ഞങ്ങാട്ടും സഹോദരൻ പൂനയിലും താമസിക്കുന്നതായി കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജയപ്രകാശ് ഗൾഫിലാണെന്നു മനസിലാക്കിയത്.
തുടർന്ന് ഇയാൾ ചെന്നിത്തല കാരാഴ്മയിൽനിന്നു വിവാഹം കഴിച്ച് നാട്ടിൽ അവധിക്കാലത്ത് എത്തുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.