മാനനഷ്ടം ക്രിമിനൽ കുറ്റമല്ലാതാക്കണം
Tuesday, September 23, 2025 2:12 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മാനനഷ്ടക്കേസുകൾ ക്രിമിനൽ കുറ്റമല്ലാതാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. വ്യക്തികളും രാഷ്ട്രീയപാർട്ടികളും അപകീർത്തിപ്പെടുത്തൽ നിയമം വ്യാപകമായി ദുരുപയോഗിക്കുന്നതായുള്ള പരാതികൾക്കിടെയാണു ജസ്റ്റീസുമാരായ എം.എം. സുന്ദരേഷും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം.
ഓണ്ലൈൻ വാർത്താ പോർട്ടലായ "ദ വയറി'നെതിരേ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) മുൻ അധ്യാപിക അമിത സിംഗും സഹപ്രവർത്തകരും ഫയൽ ചെയ്ത കേസ് പരിഗണിക്കുന്നതിനിടെയാണു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. ശരി, ശ്രദ്ധിക്കുക, ടാഗ് ചെയ്യുക തുടങ്ങിയവയെല്ലാം കുറ്റവിമുക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് താൻ കരുതുന്നതായി ജസ്റ്റീസ് സുന്ദരേഷ് നിരീക്ഷിച്ചു.
എത്രകാലം ഈ കേസ് വലിച്ചിഴച്ചുകൊണ്ടുപോകുമെന്ന് ജസ്റ്റീസ് സുന്ദരേഷ് ചോദിച്ചു. കോടതിയുടെ അഭിപ്രായത്തോട് "ദ വയറി' നുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ യോജിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ സമാനമായ കേസ് പരിഗണിക്കുന്നുണ്ടെന്ന് സിബൽ പറഞ്ഞു.
ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നത് ഒരു പൊതുതാത്പര്യവും ഹനിക്കുന്നില്ലെന്നും അതിനാൽ ഇത്തരത്തിലുള്ളവ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാമോയെന്ന ചോദ്യം വീണ്ടും ഉയർത്തുന്നതാണ് ജസ്റ്റീസ് സുന്ദരേഷിന്റെ നീരീക്ഷണം.
അപകീർത്തി കേസുകൾ മാധ്യമങ്ങളുടെ മേൽ തൂങ്ങിക്കിടക്കുന്ന ഡമോക്ലീസിന്റെ വാൾ പോലെയാണെന്നും കുറ്റകരമല്ലാതാക്കേണ്ട സമയമായെന്നുമുള്ള വാദങ്ങളോടു യോജിക്കുന്നതാണ് ജഡ്ജിയുടെ പരാമർശം.
ജെഎൻയു പ്രഫസർ സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസിൽ "ദ വയർ' വാർത്താപോർട്ടലിനും അതിന്റെ പൊളിറ്റിക്കൽ എഡിറ്റർ അജോയ് ആശീർവാദിനുമെതിരേ കഴിഞ്ഞ ജനുവരിയിൽ മജിസ്ട്രേറ്റ് കോടതി പുതിയ സമൻസ് അയച്ചതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ബന്ധപ്പെട്ടവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സമൻസിനെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇതേ കേസിൽ മജിസ്ട്രേറ്റ് കോടതിയുടെ 2017 ഫെബ്രുവരിയിൽ അയച്ച ആദ്യ സമൻസ് കഴിഞ്ഞ വർഷം സുപ്രീംകോടതി തള്ളിയിരുന്നു. ലേഖനം പരിശോധിച്ചശേഷം സമൻസ് അയയ്ക്കുന്നതിൽ പുതിയ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിനോട് അന്നു നിർദേശിച്ചിരുന്നു.
"ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും ഗുഹ' എന്ന തലക്കെട്ടിലുള്ള 200 പേജുള്ള വിവാദ രേഖ തയാറാക്കുന്നതിൽ പ്രഫസറുടെ പങ്കാളിത്തം ആരോപിച്ച് 2016ൽ "ദ വയർ' പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരേയാണു പ്രഫ. അമിത സിംഗ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സംഘടിത ലൈംഗിക റാക്കറ്റിന്റെ ഗുഹ എന്ന് ജെഎൻയുവിനെ ലേഖനത്തിൽ വിശേഷിപ്പിച്ചതിനെയാണു പരാതിക്കാർ ചോദ്യം ചെയ്തത്.
ക്രിമിനൽ കുറ്റമാക്കിയത് 2016ൽ, കോടതി ശരിവച്ചു
ക്രിമിനൽ മാനനഷ്ട നിയമങ്ങളുടെ ഭരണഘടനാസാധുത ശരിവച്ച സുപ്രീംകോടതിയുടെ 2016ലെ വിധിന്യായത്തിൽ നിന്നുള്ള മാറ്റമാണ് സുപ്രീംകോടതി ജഡ്ജിയുടെ പുതിയ നിരീക്ഷണം.
ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ജീവിക്കാനും അന്തസിനുമുള്ള മൗലികാവകാശത്തിനു കീഴിലാണ് പ്രശസ്തിക്കുള്ള അവകാശമെന്ന് കോടതി വിധിച്ചു. ഭരണഘടനയുടെ അനുച്ഛേദം 19 (1) എയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള അവകാശത്തിന്റെ ന്യായമായ നിയന്ത്രണമാണു നിയമമെന്ന് 2016ൽ സുബ്രഹ്മണ്യൻ സ്വാമിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചു.
അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമാക്കിയ പഴയ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 499-ാം വകുപ്പ് സുപ്രീംകോടതി 2016ൽ ശരിവച്ചിരുന്നു. തുടർന്ന് ഐപിസിയിലെ ഇതേ വ്യവസ്ഥ പുതിയ ഭാരതീയ ന്യായ് സംഹിതയിലും (ബിഎൻഎസ്) 356-ാം വകുപ്പായി ചേർത്തിട്ടുണ്ട്. ബിഎൻഎസിലും അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്.