ജാർഖണ്ഡിൽ സംഘപരിവാർ പ്രകോപനം; കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന കുട്ടികളെയും തടഞ്ഞുവച്ചു
Monday, September 22, 2025 5:10 AM IST
ജംഷഡ്പുർ: കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട് സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും ജാർഖണ്ഡിൽ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചു.
മതപരിവർത്തനത്തിനായി കുട്ടികളെ കടത്തുകയാണെന്ന് ആരോപിച്ചാണ് ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിലെ നാലാം നന്പർ പ്ലാറ്റ്ഫോമിൽ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ ചേർന്നു സംഘത്തെ തടഞ്ഞുവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിവരം വിഎച്ച്പി, ബജ്രംഗ്ദൾ നേതാക്കൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവച്ചതോടെ നിരവധി പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവ. റെയിൽവേ പോലീസും എത്തി കന്യാസ്ത്രീയെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു.
വിവരമറിഞ്ഞ് ജംഷഡ്പുർ രൂപതാകേന്ദ്രത്തിൽനിന്നു വൈദികരുമെത്തി. ജംഷഡ്പുർ രൂപതയുടെ കീഴിലുള്ള സന്നദ്ധസംഘടനയായ കാത്തലിക് ചാരിറ്റീസ് സംഘടിപ്പിച്ച കൗമാരക്കാരുടെ ആരോഗ്യവും നൈപുണ്യ വികസനവും ആസ്പദമാക്കിയുള്ള പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ പോയവരാണു കുട്ടികളെന്നു വ്യക്തമായതോടെ പുലർച്ചെ മൂന്നോടെ ഇവരെ വിട്ടയച്ചു. പോലീസ് അകന്പടിയോടെയാണു സംഘത്തെ സുന്ദർനഗറിലെ കാത്തലിക് ചാരിറ്റീസ് സെന്റർ ഓഫീസിലെത്തിച്ചത്.
സംഘടനയുടെ സുന്ദർനഗറിലെ ഓഫീസിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചിരുന്നത്. കുട്ടികൾ രാജ്ഖർസവാനിൽനിന്നുള്ളവരാണ്. കൗമാരക്കാരുടെ ആരോഗ്യവും നൈപുണ്യ വികസനവും കേന്ദ്രീകരിച്ചുള്ള വിവിധ പദ്ധതികൾ കാത്തലിക് ചാരിറ്റീസ് നടത്തുന്നുണ്ട്. രണ്ടു ദിവസത്തെ പരിശീലനത്തിനായി കുട്ടികളെ ക്ഷണിച്ചിരുന്നു.
തുടക്കത്തിൽ 12 കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് അനുമതി കത്തുകൾ ഉണ്ടായിരുന്നു. എന്നാൽ അവസാനനിമിഷം കൂടുതൽ കുട്ടികൾ വരാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ ചിലർക്ക് ആധാർ കാർഡുകളോ മാതാപിതാക്കളുടെ സമ്മതപത്രങ്ങളോ ഇല്ലായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് കാത്തലിക് ചാരിറ്റീസ് ഡയറക്ടർ ഫാ. ബിരേന്ദ്ര ടെറ്റ് വ്യക്തമാക്കി.