തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങുന്നതിൽ അഭിമാനിക്കണം: മോദി
സനു സിറിയക്
Monday, September 22, 2025 5:10 AM IST
ന്യൂഡൽഹി: നികുതിഭാരത്തിൽനിന്ന് ജനങ്ങൾക്കു മോചനം നൽകി ഇന്നുമുതൽ സന്പാദ്യ ഉത്സവത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക് സേവന നികുതിയിലെ (ജിഎസ്ടി) പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതിനു മുന്നോടിയായി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത തലമുറ ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും ബിസിനസുകൾ ലളിതമാക്കുകയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ജിഎസ്ടി നയത്തിന്റെ പ്രയോജനം ദരിദ്രർ, കർഷകർ, മധ്യവർഗം, യുവാക്കൾ, വ്യാപാരികൾ, സംരംഭകർ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് ഒരേപോലെ ലഭ്യമാകും. ദൈനംദിന ആവശ്യങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ നിറവേറ്റാൻ സാധിക്കും. നവരാത്രിയുടെ ആദ്യദിനം ആത്മനിർഭർ ഭാരതത്തിനായി രാജ്യം പ്രധാനപ്പെട്ടതും വലുതുമായ ഒരു ചുവടുവയ്പ് നടത്താൻ പോകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
2017ലാണ് ജിഎസ്ടി പരിഷ്കരണത്തിലേക്ക് രാജ്യം ആദ്യമായി ചുവടുവച്ചത്. പഴയ അധ്യായത്തിന്റെ അവസാനവും ഒരു പുതിയ അധ്യായത്തിന്റെ തുടക്കവുമായിരുന്നു അതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ജിഎസ്ടി പ്രാബല്യത്തിലാകുന്നതിനുമുന്പ് സങ്കീർണമായ ഒരു നികുതിവലയത്തിനുള്ളിലായിരുന്നു രാജ്യം. ഒരു നഗരത്തിൽനിന്ന് മറ്റൊരു നഗരത്തിലേക്കു സാധനങ്ങൾ എത്തിക്കുന്നതിന് നിരവധി നികുതി കടന്പകൾ കടക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ അതിനൊരു മാറ്റം കൊണ്ടുവരാൻ സാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കാലം മാറുകയും ദേശീയതാത്പര്യങ്ങൾ വികസിക്കുകയും ചെയ്യുന്പോൾ അടുത്ത തലമുറ പരിഷ്കാരങ്ങളും ഒരേപോലെ അനിവാര്യമാണ്. അതിന്റെ ഭാഗമായി ഇനിമുതൽ ജിഎസ്ടി ഘടനയിൽ അഞ്ചു, 18 ശതമാനം എന്നീ രണ്ട് നികുതി സ്ലാബുകൾ മാത്രമേ ഉള്ളൂ. മിക്ക ദൈനംദിന ഉപയോഗ വസ്തുക്കളെയും അഞ്ച് ശതമാനം എന്ന സ്ലാബിലേക്ക് കൊണ്ടുവന്നതായും ഇതു സാധാരണക്കാർക്ക് വലിയ ആശ്വാസമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില അവശ്യ വസ്തുക്കളെ പൂർണമായും ജിഎസ്ടി പരിധിയിൽനിന്ന് ഒഴിവാക്കിയതായും "ഒരു രാജ്യം ഒരു നികുതി’എന്ന സ്വപ്നം സാക്ഷാത്കരിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയതും പുതിയ ജിഎസ്ടി പരിഷ്കരണവും സാധാരണക്കാർക്കുള്ള കേന്ദ്രസർക്കാരിന്റെ ഇരട്ട ഓഫറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.