അലന്ദിലെ വോട്ട് വെട്ടൽ: പരാതി അവഗണിക്കപ്പെട്ടു
Sunday, September 21, 2025 1:02 AM IST
ന്യൂഡൽഹി: കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കാനായി വ്യാജ അപേക്ഷകൾ നൽകിയ സംഭവത്തിൽ കോൺഗ്രസ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തിലെടുത്തില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പേര് നീക്കാനായി അപേക്ഷകളുള്ള 6,670ൽ 5,994 വോട്ടർമാർ അപ്പോഴും മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ പതിവുവോട്ടർമാരായിരുന്നു. ഇതേത്തുടർന്ന് അലന്ദിലുടനീളം അടിസ്ഥാനതല പരിശോധന നടത്താനും വ്യാജ റിമോട്ട് അപേക്ഷകൾ നൽകിയവർക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷനോടു കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഇതിനിടെ, വ്യാജ വോട്ടുനീക്കലിനെതിരേ അലന്ദ് റിട്ടേണിംഗ് ഓഫീസറും കൽബുർഗി അസിസ്റ്റന്റ് കമ്മീഷണറുമായ മമതാ കുമാരി 2023 ഫെബ്രുവരി 21ന് പോലീസിൽ പരാതി നൽകിയിരുന്നു. ആൾമാറാട്ടം, തെറ്റായ വിവരങ്ങൾ നൽകൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അജ്ഞാത വ്യക്തികൾക്കെതിരേ കേസെടുത്തത്.
പക്ഷേ പോലീസ് അന്വേഷണം ഇഴഞ്ഞു. തുടർന്നാണ് അന്വേഷണം സിഐഡിക്കു കൈമാറിയത്. വോട്ടർപട്ടികയിൽനിന്നു പേരുകൾ നീക്കം ചെയ്യുന്നതിനായി 6,018 അപേക്ഷകൾ ഓണ്ലൈനായി ലഭിച്ചുവെന്നും ഇത്രയധികം അപേക്ഷകളുടെ ആധികാരികത സംശയിച്ചതിനാൽ പരിശോധന നടത്തിയെന്നും രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിനുപിന്നാലെ കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. കർണാടക പോലീസിനു വിവരങ്ങൾ കൈമാറിയെന്നും കമ്മീഷൻ അവകാശപ്പെട്ടു.
കർണാടകയ്ക്കുപുറത്തുള്ള ഒരു ‘കോൾ സെന്റർ’ ഓപ്പറേഷനിലൂടെയാണ് ഇല്ലാതാക്കലുകൾ നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കർണാടകയിലെ സിഐഡി 18 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷനു 18 കത്തുകൾ അയച്ചു.
പക്ഷേ കമ്മീഷൻ തയാറായില്ല. കൽബുർഗി ജില്ലാ പോലീസ് സൂപ്രണ്ടിന് 2023 സെപ്റ്റംബറിൽ ചില പ്രാഥമിക വിവരങ്ങൾ കമ്മീഷൻ കൈമാറിയെങ്കിലും തുടർന്നുള്ള വിശദാംശങ്ങൾ നൽകിയില്ല.