അലന്ദിലെ വോട്ടുവെട്ടൽ ; വിശദാംശങ്ങൾ പുറത്ത്
Sunday, September 21, 2025 1:02 AM IST
ന്യൂഡൽഹി: കർണാടകയിലെ പട്ടികജാതി, വർഗ, ന്യൂനപക്ഷ പ്രദേശമായ അലന്ദ് നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തുതല ഓഫീസറുടെ ജാഗ്രതയും തുടർന്ന് കോണ്‍ഗ്രസ് ബൂത്ത് ഏജന്റുമാരുടെ ഇടപെടലുകളുമാണ് ആസൂത്രിതമായ വോട്ടുനീക്കൽ പിടികൂടാൻ കാരണമായതെന്നു തെളിയിക്കുന്ന വിശദാംശങ്ങൾ പുറത്ത്.
വോട്ടർമാർ അറിയാതെ 6,018 പേരുടെ വോട്ടുകൾ നീക്കാൻ അപേക്ഷ നൽകിയവർക്കെതിരേ ക്രിമിനൽ നടപടിയെടുക്കണമെന്ന ആവശ്യത്തിന്മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാതിരുന്നതു സംശയം ബലപ്പെടുത്തുന്നു.
അലന്ദിൽ അനധികൃത വോട്ടുനീക്കലിനു ശ്രമിച്ചവരുടെ വിവരങ്ങൾ കർണാടക പോലീസിനു കൈമാറിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു പോലീസ് വ്യക്തമാക്കി.
2023 സെപ്റ്റംബർ ആറിന് കൽബുർഗി പോലീസിനു ചില പ്രാഥമിക വിവരങ്ങൾ കൈമാറിയിരുന്നെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് തുടർന്നു നൽകിയ കത്തുകൾക്കൊന്നും കമ്മീഷൻ മറുപടി നൽകിയില്ലെന്ന് കർണാടക പോലീസ് അറിയിച്ചു.
അലന്ദിലെ എംഎൽഎയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ബി.ആർ. പാട്ടീലിന്റെ നേരിട്ടുള്ള ഇടപെടലുകൾ മൂലം നീക്കം ചെയ്യാൻ നൽകിയ 6,018 അപേക്ഷകളിൽ വ്യാജമായ 5,994 പേരുകൾ ഇല്ലാതാക്കുന്നത് തടയാനായെന്നു രേഖകൾ വ്യക്തമാക്കുന്നു.
തുടക്കം ഇങ്ങനെ: വോട്ടർപട്ടികയിൽ ചേർക്കുന്നതിനോ പേര് നീക്കം ചെയ്യുന്നതിനോവേണ്ടി ഓണ്‍ലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ ഭൗതികമായി പരിശോധിക്കാൻ ഓരോ നിയോജകമണ്ഡലത്തിലെയും ബൂത്തുതല ഓഫീസർമാർക്കാണു (ബിഎൽഒ) ചുമതല. 2023 മേയിലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2022 ഡിസംബർ മുതൽ അലന്ദിലെ വോട്ടർപട്ടിക പുനഃപരിശോധനയ്ക്കുള്ള അപേക്ഷകൾ പരിശോധിക്കുന്നതിനിടെയാണ് അപാകത കണ്ടെത്തിയത്.
മണ്ഡലത്തിലെ വോട്ടറായ തന്റെ ബന്ധുവിന്റെ പേര് നീക്കം ചെയ്യുന്നതിനുള്ള ഒരു അപേക്ഷ ബിഎൽഒ കണ്ടു. ബന്ധുവുമായി സംസാരിച്ചപ്പോൾ താൻ അത്തരത്തിലൊരു അപേക്ഷ നൽകിയിട്ടില്ലെന്ന് അറിയിച്ചു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ബിഎൽഒയുടെ കുടുംബാംഗങ്ങൾ വിവരം കോണ്‍ഗ്രസ് നേതാവ് ബി.ആർ. പാട്ടീലിന്റെ മകനെ അറിയിച്ചു.
തുടർന്ന് അലന്ദിൽനിന്നു നാലു തവണ എംഎൽഎയായ പാട്ടീലും കോണ്‍ഗ്രസ് പ്രവർത്തകരും മണ്ഡലത്തിലെ 254 തെരഞ്ഞെടുപ്പ് ബൂത്തുകളിലും സമാനമായ അപേക്ഷകൾ പരിശോധിച്ചു.
അലന്ദിൽ 6,670 വോട്ടർമാരുടെ പേരുകൾ അവരുടെ അറിവില്ലാതെ നീക്കാനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. ഓരോ ബൂത്തിലും 20 മുതൽ 30 വരെ പേരുകളാണു നീക്കാൻ ശ്രമിച്ചത്. കോണ്‍ഗ്രസിനു സ്ഥിരമായി വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷങ്ങൾ, പട്ടികജാതിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരായിരുന്നു ഇല്ലാതാക്കാൻ തെരഞ്ഞെടുത്ത വോട്ടർമാരിൽ ഭൂരിഭാഗവുമെന്ന് പാട്ടീൽ പറഞ്ഞു.
പാട്ടീൽ ജയിച്ചത് 10,348 വോട്ടിന്
2023ൽ 10,348 വോട്ടുകൾക്കാണ് ഇവിടെ കോണ്‍ഗ്രസിലെ ബി.ആർ. പാട്ടീൽ വിജയിച്ചത്. ലിംഗായത്ത് നേതാവാണു പാട്ടീൽ. കോണ്‍ഗ്രസിൽനിന്നു കൂറുമാറിയ ബിജെപി നേതാവും പിന്നാക്കവിഭാഗക്കാരനുമായ സുഭാഷ് ഗുട്ടേദാറിനെയാണു പാട്ടീൽ പരാജയപ്പെടുത്തിയത്.