സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന് ഇന്നു തുടക്കം
Sunday, September 21, 2025 1:02 AM IST
ന്യൂഡൽഹി: സിപിഐയുടെ 25-ാം പാർട്ടി കോണ്‍ഗ്രസിന് ഇന്നു തുടക്കമാകും. 1925ൽ സ്ഥാപിതമായ സിപിഐയുടെ ശതാബ്ദി വർഷത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ പാർട്ടി കോണ്‍ഗ്രസ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.
അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഇന്നു രാവിലെ പഞ്ചാബിലെ മൊഹാലിയിൽ വൻ പ്രകടനത്തോടെയാകും ആരംഭിക്കുക. ചണ്ഡിഗഡിലെ സുരവരം സുധാകർ റെഡ്ഢി നഗറിൽ നാളെ നടക്കുന്ന പൊതുസമ്മേളനത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കൾ അഭിസംബോധന ചെയ്യും.
പലസ്തീൻ, ക്യൂബ രാജ്യങ്ങളിൽ വിദേശശക്തികൾ നടത്തുന്ന മനുഷ്യാവകാശ വിരുദ്ധമായ നടപടികൾക്കെതിരേയുള്ള പോരാട്ടങ്ങൾക്ക് അഭിവാദ്യമർപ്പിച്ചുള്ള പ്രത്യേക സെഷൻ നാളെ നടക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും റിപ്പോർട്ടുകളിലും പ്രമേയങ്ങളിലുമുള്ള ചർച്ചകൾ നടക്കും.
24ന് പാർട്ടിയുടെ രാഷ്ട്രീയ, സംഘടനാ കാര്യം ഉൾപ്പെടെയുള്ള നാലു കമ്മീഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. സമാപനദിവസമായ വ്യാഴാഴ്ചയാണു ദേശീയ കൗണ്‍സിൽ, ദേശീയ സെക്രട്ടേറിയറ്റ് തുടങ്ങിയ സമിതികളിലേക്കും ജനറൽ സെക്രട്ടറി പദവിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുക.