ട്രംപിന്റെ എച്ച്1ബി വീസ പ്രഖ്യാപനം: മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്
Sunday, September 21, 2025 1:02 AM IST
ന്യൂഡൽഹി: അമേരിക്കയിൽ ഉയർന്ന നൈപുണ്യമുള്ള ജോലികൾ ചെയ്യുന്ന ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുന്ന എച്ച്1ബി വീസയുടെ പ്രതിവർഷ ഫീസ് വൻതോതിൽ വർധിപ്പിച്ച തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടന്നാക്രമണം നടത്തി കോണ്‍ഗ്രസ്.
എച്ച്1ബി വീസ സ്പോണ്സർ ചെയ്യുന്ന കന്പനികൾ നൽകേണ്ടിവരുന്ന ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ സമ്മാനമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം.
മോദിയുടെ നയതന്ത്രവീഴ്ചയാണിതെന്നും മോദിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിനുശേഷം അദ്ദേഹം നൽകിയ ‘സമ്മാനങ്ങൾ’കൊണ്ട് ഇന്ത്യക്കാർ വേദനയനുഭവിക്കുകയാണെന്നും ഖാർഗെ എക്സിൽ കുറിച്ചു.
എച്ച്1ബി വീസയുടെ 70 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരാണെന്നിരിക്കെ ഇന്ത്യൻ ടെക് ജീവനക്കാരെ ട്രംപിന്റെ തീരുമാനം ഗുരുതരമായി ബാധിക്കുമെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ പരമോന്നതമാണെന്നിരിക്കെ കെട്ടിപ്പിടിത്തവും പൊള്ളയായ മുദ്രാവാക്യങ്ങളും ആളുകളെക്കൊണ്ട് ‘മോദി മോദി’എന്ന് ഏറ്റുവിളിപ്പിക്കുന്നതും വിദേശനയമല്ലെന്ന് ഖാർഗെ പരിഹസിച്ചു.
ഇന്ത്യക്ക് ഒരു ദുർബലനായ പ്രധാനമന്ത്രിയാണുള്ളതെന്ന് ആവർത്തിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ട്രംപിന്റെ എച്ച്1ബി വീസ ഫീസ് വർധന പ്രഖ്യാപനത്തിന്റെ വാർത്താശകലം പങ്കുവച്ച് എക്സിൽ കുറിച്ചു.
ഇന്ത്യക്ക് വളരെ ദുർബലനായ ഒരു പ്രധാനമന്ത്രിയാണുള്ളതെന്നും ലക്ഷക്കണക്കിനു വരുന്ന മധ്യവർഗ ഇന്ത്യക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദി പരാജയപ്പെട്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു.
മോദിയുടെ വിദേശനയം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്നു വിമർശിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. മുന്‍പ് ആറു ലക്ഷമായിരുന്ന ഫീസ് പ്രതിവർഷം 88 ലക്ഷമായി ഉയർത്തിയതിലൂടെ ഇന്ത്യൻ ഐടി ജീവനക്കാരുടെ തൊഴിലുകൾ ഭീഷണിയിലാണെന്ന് കോണ്‍ഗ്രസ് എക്സിൽ കുറിച്ചു.
അമേരിക്കയുടെ തീരുമാനം ഇന്ത്യയിൽനിന്നുള്ള ഏറ്റവും മികച്ച പ്രതിഭാശാലികളുടെ ഭാവിയെ ബാധിക്കുന്നതാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ഒരു നയതന്ത്രജ്ഞ അമേരിക്കയിൽ അപമാനിക്കപ്പെട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എടുത്ത ശക്തമായ പ്രതികരണം തനിക്കിപ്പോഴും ഓർമയുണ്ടെന്നും എന്നാലിപ്പോൾ നയതന്ത്രപരമായ നിശബ്ദതയ്ക്കു മോദി നൽകുന്ന മുൻഗണന രാഷ്ട്രതാത്പര്യത്തിനും രാജ്യത്തെ ജനങ്ങൾക്കും ബാധ്യതയായി മാറിയെന്നും ഗൊഗോയ് വിമർശിച്ചു.