ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ: സൈനികനു വീരമൃത്യു
Sunday, September 21, 2025 1:02 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരണത്തിനു കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ ഉധംപുരിലെ ഡുഡു-ബസന്ത്ഗഡ് പ്രദേശത്തും ദോഡയിലെ ഭാദേർവയിലുള്ള സിയോജ് ധർ വനാതിർത്തിയിലുമായിരുന്നു ഏറ്റുമുട്ടൽ.
ഭീകരരെ കണ്ടെത്താൻ സൈന്യവും പോലീസും തിരച്ചിൽ തുടരുകയാണ്. ഒരു സൈനികനും രണ്ടു പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.
സൈന്യവും ജമ്മുകാഷ്മീർ പോലീസിന്റെ പ്രത്യേകസംഘവും തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഇതിനുപിന്നാലെ പ്രദേശം വളഞ്ഞ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഡ്രോണുകളുടെയും മണംപിടിക്കുന്ന നായ്ക്കളുടെയും സഹായത്തോടെയാണു പരിശോധന.