മോഹൻലാലിന് ഫാൽക്കെ അവാർഡ്
Sunday, September 21, 2025 1:02 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ അഭിനയവിസ്മയമായ മോഹൻലാലിന്.
ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കാണ് 2023ലെ ഏറ്റവും വലിയ ബഹുമതി നൽകുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിന് ഫാൽക്കെ അവാർഡ് സമ്മാനിക്കും.
തലമുറകളെ പ്രചോദിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമായാത്രയാണു മോഹൻലാലിന്റേതെന്ന് അവാർഡ് പ്രഖ്യാപിച്ച കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ചൂണ്ടിക്കാട്ടി. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിന്റെ സമാനതകളില്ലാത്ത പ്രതിഭ, വൈദഗ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ സുവർണ നിലവാരം സ്ഥാപിച്ചുവെന്നും സർക്കാർ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നിർണയ സമിതിയുടെ ശിപാർശയനുസരിച്ചാണു പുരസ്കാരം.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണു മുന്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004ലായിരുന്നു അടൂരിനെ രാജ്യത്തിന്റെ ഏറ്റവും ഉന്നത ചലച്ചിത്ര പുരസ്കാരം നൽകി ആദരിച്ചത്.
ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞവർഷം ഫാൽക്കെ അവാർഡ്. ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ ഫീച്ചർ സിനിമയായ "രാജ ഹരിശ്ചന്ദ്ര’യുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണയ്ക്കായി 1969ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മേയ് 21നാണ് മോഹൻലാലിന്റെ ജനനം. രണ്ടുതവണ മികച്ച നടനുള്ളതടക്കം അഞ്ചു ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. 2001ൽ പത്മശ്രീ, 2019ൽ പത്മഭൂഷണ് ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.
2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ പദവിയും ലഭിച്ചു. ചലച്ചിത്രലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകൾ മാനിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡോക്ടറേറ്റ് നൽകിയും ലാലിനെ ആദരിച്ചു.
അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
സിനിമാരംഗത്തെ പതിറ്റാണ്ടുകളായുള്ള പ്രവർത്തനത്തിലൂടെ മോഹൻലാൽ മലയാളസിനിമയുടെ മാർഗദർശിയായ ദീപമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കേരള സംസ്കാരത്തിൽ അഗാധമായ അഭിനിവേശമുള്ളയാളാണെന്നും മോദി എക്സിൽ പറഞ്ഞു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള അദ്ദേഹത്തിന്റെ നടനവൈഭവം ശരിക്കും പ്രചോദനം നൽകുന്നതാണെന്നും മോദി കൂട്ടിച്ചേർത്തു.
മോഹൻലാലിനെ കേന്ദ്ര ആഭ്യന്ത രമന്ത്രി അമിത് ഷായും വാർത്താവിതരണ- പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവും അഭിനന്ദിച്ചു.