മോദിയുടെ അമ്മയെ അധിക്ഷേപിച്ചെന്ന് വീണ്ടും ബിജെപി
Monday, September 22, 2025 5:09 AM IST
പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ‘ബിഹാർ അധികാർ യാത്ര’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി ബിജെപി. ആരോപണം നിഷേധിച്ച ആർജെഡി പ്രചരിക്കുന്ന വീഡിയോ വ്യാജമായി നിർമിച്ചതാണെന്നും അവകാശപ്പെട്ടു. നേരത്തെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിലും ബിജെപി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
മോദിയുടെ പരേതയായ അമ്മയെ തേജസ്വി യാദവ് അപമാനിച്ചെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു. “റാലിയിൽ, ആർജെഡി പ്രവർത്തകർ മോദിയെയും അമ്മയെയും കഴിയുന്നത്ര അധിക്ഷേപിച്ചു. തേജസ്വി അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ അധിക്ഷേപകരമായ പെരുമാറ്റത്തിന് ബിഹാറിലെ അമ്മമാരും സഹോദരിമാരും അദ്ദേഹത്തെ ഉത്തരവാദിയാക്കും’’- സാമ്രാട്ട് ചൗധരി എക്സ് പോസ്റ്റിൽ പറഞ്ഞു.
പ്രധാന വിഷയങ്ങളിൽനിന്ന് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് ആർജെഡി വക്താവ് ചിത്രാഞ്ജൻ ഗഗൻ ആരോപിച്ചു.