സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന് തുടക്കം
സ്വന്തം ലേഖകൻ
Monday, September 22, 2025 5:10 AM IST
ന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കാൻ പോരാട്ടങ്ങൾ അനിവാര്യമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. 25ാം പാർട്ടി കോണ്‍ഗ്രസിന് തുടക്കമായി ചണ്ഡീഗഡിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ രാജ്യത്തു ശക്തിയാർജിക്കേണ്ടത് അനിവാര്യമാണ്. ഒട്ടേറെ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ മോദിസർക്കാർ സമസ്ത മേഖലയിലെയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും രാജ പറഞ്ഞു. ബിജെപിസർക്കാരിന്റെ ഭരണത്തിൽ ദുരിതത്തിലായവർ കൂടുതലും കർഷകരാണ്. പല സംസ്ഥാനങ്ങളിലും ഇതിനെതിരേ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. കർഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ കുത്തകകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജിത് കൗർ, ബിനോയ് വിശ്വം, പല്ലബ്സെൻ ഗുപ്ത, ഡോ. ബാലകൃഷ്ണ കാംഗോ, കെ. നാരായണ, രാമകൃഷ്ണ പാണ്ഡ, ആനി രാജ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിംഗ് ബ്രാർ അധ്യക്ഷത വഹിച്ചു. ആയിരങ്ങൾ അണിനിരന്ന റാലിയോടെയാണു പാർട്ടി കോണ്‍ഗ്രസിന് ഇന്നലെ തുടക്കമായത്. ഇന്നു രാവിലെ നടക്കുന്ന പ്രതിനിധിസമ്മേളനത്തിൽ കരട് സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ അവലോകന റിപ്പോർട്ടും അവതരിപ്പിക്കും.
പ്രതിനിധിസമ്മേളന ഉദ്ഘാടനച്ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ (എംഎൽ ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് നേതാക്കൾ തുടങ്ങിയവർ അഭിവാദ്യം ചെയ്യും. പാർട്ടി കോണ്‍ഗ്രസ് 25ന് സമാപിക്കും.