മുംബൈ തെരഞ്ഞെടുപ്പ്: ശിവസേനയും എംഎൻഎസും തുല്യ സീറ്റുകളിൽ മത്സരിക്കും
Monday, September 22, 2025 5:10 AM IST
മുംബൈ: മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനയും (ഉദ്ധവ്) എംഎൻഎസും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ തുല്യം സീറ്റുകളിൽ മത്സരിക്കും. മറ്റിടങ്ങളിൽ ശിവസേന 60ഉം എംഎൻഎസ് 40ഉം ശതമാനം സീറ്റുകളിൽ മത്സരിക്കും.
ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം ദീപാവലിക്കു മുന്പായി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. 74,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) രാജ്യത്തെ ഏറ്റവും സന്പന്ന തദ്ദേശ സ്ഥാപനമാണ്. 227 വാർഡുകളാണ് ഇവിടെയുള്ളത്. രണ്ടു ദശകമായി മുംബൈ കോർപറേഷൻ ശിവസേനയുടെ ഭരണത്തിലാണ്. 20 വർഷത്തിനുശേഷമാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരുമിക്കുന്നത്. ഏതാനും മാസത്തിനിടെ ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തി.
ദാദർ-മാഹിം, ലാൽബാദ് -പറേൽ, സേവ്റീ, വിഖ്റോളി, ദിൻഡോഷി, ഘാട്കോപ്പർ വെസ്റ്റ്, ദഹിസാർ, ഭാണ്ഡൂപ്പ് എന്നിങ്ങനെ ശിവസേനയുടെയും എംഎൻഎസിന്റെ ശക്തികേന്ദ്രങ്ങളിലെ സീറ്റുകളാണു തുല്യമായി വീതിക്കുക. മാഹിം, ബൈക്കുള, ജോഗേശ്വരി പോലെയുള്ള മുസ്ലിം സ്വാധീനമേഖലകളിൽ ശിവസേന (ഉദ്ധവ്) ആയിരിക്കും മത്സരിക്കുക. 227 വാർഡുകളിൽ, ശിവസേന 147ൽ മത്സരിക്കും. എംഎൻഎസിന് 80 വാർഡ് ലഭിക്കും.
സംസ്ഥാനത്തെ മറ്റിടങ്ങളിൽ ഇരു പാർട്ടികളുടെയും സ്വാധീനത്തിനനുസരിച്ച് സഖ്യമുണ്ടാക്കും. താനെ, നാസിക്, കല്യാൺ-ഡോംബിവ്ലി മേഖലകളിൽ എംഎൻഎസിനു നിർണായക സ്വാധീനമുണ്ട്.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡിയുടെ ഭാഗമാണ് ശിവസേന (ഉദ്ധവ്). അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻസിപി പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ രാജ് താക്കറെ എതിർക്കുന്നു.
മഹാ വികാസ് അഗാഡിയിൽ എംഎൻഎസിനെ ഉൾപ്പെടുത്തുന്നതിനെ കോൺഗ്രസും എതിർക്കുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 95 സീറ്റിൽ മത്സരിച്ച ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് 20 സീറ്റാണു ലഭിച്ചത്. എംഎൻഎസിന് ഒരിടത്തും വിജയിക്കാനായില്ല.