നൈപുണ്യ അധിഷ്ഠിത പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ
Monday, September 22, 2025 5:10 AM IST
ന്യൂഡൽഹി: ഹയർ സെക്കൻഡറി ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ നൈപുണ്യ അധിഷ്ഠിത പഠനം ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശകൾ പ്രകാരമാണിത്. ഉചിതമായ തലത്തിലെ പഠനരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ദേശീയ വിദ്യാഭ്യാസ നയം ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പുസ്തകപഠനത്തിനു പുറമെ കുട്ടികളുടെ മറ്റു കഴിവുകൾ വികസിപ്പിക്കുന്നതിൽ നൈപുണ്യ അധിഷ്ഠിത പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളെ പ്രായോഗികതലത്തിൽ എങ്ങനെ നടപ്പാക്കാമെന്നതടക്കം ഇതിൽ ഉൾപ്പെടുന്നു. പ്രശ്നപരിഹാരം, ആശയവിനിമയം തുടങ്ങിയ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനുപുറമെ ഇന്റേണ്‍ഷിപ്പുകൾ, പ്രോജക്ടുകൾ തുടങ്ങിയവ പ്രാവർത്തികമാക്കുന്നതിനും നൈപുണ്യ അധിഷ്ഠിത പഠനം പരിശീലനം നൽകുന്നു.
വിദ്യാർഥികൾക്ക് ബിരുദവും അതിനു സർട്ടിഫിക്കറ്റുകളും ആവശ്യമാണ്. അതോടൊപ്പം വിദ്യാർഥികളെ കഴിവുള്ളവരാക്കുകയും വേണം. അതിന് പുതിയ നയം സഹായകമാകുമെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ആറാം ക്ലാസ് മുതൽ നൈപുണ്യ അധിഷ്ഠിത പഠനം നടപ്പാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ നൈപുണ്യ അധിഷ്ഠിത പഠനം ഓപ്ഷണലായിരുന്നു. എന്നാൽ വരുംനാളുകളിൽ ഇതു പാഠ്യപദ്ധതികൾക്കൊപ്പമുള്ള ഒരു വിഷയമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.