സൈനിക വാഹനങ്ങളുമായി പോയ ട്രെയിനിനു തീപിടിച്ചു
Monday, September 22, 2025 5:09 AM IST
ഉജ്ജെയ്ന്‍: മധ്യപ്രദേശിലെ ഉജ്ജെയ്നിയില് സൈനിക ട്രക്കുകളുമായി പോയ ആര്‍മി സ്പെഷല്‍ ട്രെയിനിനു തീപിടിച്ചു. ഭോപ്പാല്‍-ജോധ്പുര്‍ ആര്‍മി സ്പെഷല്‍ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. ഉജ്ജെയ്ന്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിനും രണ്ടിനും ഇടയിലുള്ള ടാര്‍പോളിന്‍ ഷീറ്റില്‍നിന്നാണ് തീ പടര്‍ന്നതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
തീപിടിത്തത്തില്‍ ട്രക്കുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളോ ആര്‍ക്കും പരിക്കോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണം. ഉടന്‍തന്നെ തീ അണച്ചെന്നും അരമണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാക്കിയെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഇന്‍സ്പെക്ടര്‍ നരേന്ദ്ര യാദവ് പറഞ്ഞു.