ജിഎസ്ടി പരിഷ്കരണം എട്ടു വർഷം വൈകി: കോണ്‍ഗ്രസ്
Tuesday, September 23, 2025 2:03 AM IST
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വന്നിരിക്കേ കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ്.
പരിമിതമായ പരിഷ്കാരം എട്ടു വർഷം വൈകിയാണു വന്നിരിക്കുന്നതെന്നും നികുതി ഇളവിന്റെ ഗുണങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിച്ചേരുമോയെന്ന വലിയൊരു ചോദ്യം നിലനിൽക്കുന്നുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പ്രതികരിച്ചു.
ജിഎസ്ടിയിൽ പരിഷ്കാരങ്ങൾ വരുത്തണമെന്ന് കോണ്‍ഗ്രസ് പാർട്ടി എട്ടു വർഷം തുടർച്ചയായി ആവശ്യപ്പെട്ടുവെന്നും എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ചുമത്തുന്നതുവരെ സർക്കാർ ഈ ആവശ്യങ്ങൾ അവഗണിച്ചുവെന്നും ജയ്റാം പറഞ്ഞു.
ജിഎസ്ടി നടപ്പിലാക്കുന്നതിനുള്ള നിർദേശം 2006ൽ മുൻ ധനമന്ത്രി പി. ചിദംബരമാണ് അവതരിപ്പിച്ചത്. 2010ൽ ഇതു ബില്ലായി അവതരിപ്പിച്ചു. ബിജെപി നേതാവ് യശ്വന്ത് സിൻഹ തലവനായ സ്റ്റാൻഡിംഗ് സമിതിയുടെ മുന്‍പാകെ ഇതു രണ്ടര വർഷമുണ്ടായിരുന്നു. ഇതിനുശേഷം റിപ്പോർട്ട് അവതരിപ്പിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെട്ടുവെന്നും അവസാനം ജിഎസ്ടി ആദ്യമായി നടപ്പിലായത് 2017ലാണെന്നും ജയ്റാം വ്യക്തമാക്കി.
2006 മുതൽ 2014 വരെയുള്ള എട്ടു വർഷ കാലത്തിനിടയ്ക്ക് ഒരേയൊരു മുഖ്യമന്ത്രിയേ ജിഎസ്ടിയെ എതിർത്തുള്ളൂവെന്നും ആ മുഖ്യമന്ത്രിയാണ് 2014ൽ പ്രധാനമന്ത്രിയായി നിലപാടിൽ യുടേണ്‍ എടുത്ത് 2017ൽ ജിഎസ്ടിയുടെ മിശിഹയായി മാറിയതെന്നും ജയ്റാം വിമർശിച്ചു.
2017ൽ അവതരിപ്പിച്ച ജിഎസ്ടി നല്ലതോ ലഘുവോ ആയിരുന്നില്ല.
അപ്പോഴാണ് രാഹുലും കോണ്‍ഗ്രസും അതിനെ ഗബ്ബർ സിംഗ് ടാക്സ് എന്നു വിശേഷിപ്പിച്ചത്.കഴിഞ്ഞ എട്ടു വർഷമായി ജിഎസ്ടിയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്ന ഞങ്ങളെ അവർ വിശ്വസിച്ചില്ലെന്നും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവന്നില്ലെന്നും ജയ്റാം കൂട്ടിച്ചേർത്തു.
ഗബ്ബർ സിംഗ് ടാക്സ് മൂലം വ്യത്യസ്ത സ്ലാബുകളിലൂടെ എട്ടു വർഷത്തിനിടെ ബിജെപി സർക്കാർ 55 ലക്ഷം കോടി പിരിച്ചെടുത്തുവെന്നും ഇപ്പോൾ 2.5 ലക്ഷം കോടിയുടെ സന്പാദ്യ ഉത്സവം എന്നു പറഞ്ഞ് മുറിവിൽ ബാൻഡ് എയ്ഡ് ഒട്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.