വിമാനത്തിന്റെ ചക്രങ്ങൾക്കിടയിൽ ഒളിച്ച് സാഹസിക യാത്ര
Tuesday, September 23, 2025 2:12 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പിൻചക്രത്തിന്റെ ഭാഗത്ത് ഒളിച്ചിരുന്ന് പതിമൂന്നുകാരൻ സാഹസിക യാത്ര നടത്തി.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയപ്പോൾ 94 മിനിറ്റു നീണ്ട അപൂർവയാത്രയ്ക്ക് അന്ത്യമായി. ഇറാക്കിലേക്ക് കടക്കാനായിരുന്നു കൗമാരക്കാരന്റെ ശ്രമമെന്നും വിമാനം മാറി കയറിയതാണെന്നുമാണു വിവരം.
അഫ്ഗാനിസ്ഥാന്റെ കെഎഎം എയറിന്റെ ആർക്യു 4401 വിമാനത്തിലാണു സംഭവം നടന്നത്.ഹമീദ് കർസായി വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങിയ കൗമാരക്കാരൻ സുരക്ഷിതനാണെങ്കിലും അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലെ വിള്ളലാണു സംഭവം വെളിവാക്കുന്നതെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.
ലാൻഡ് ചെയ്ത വിമാനത്തിൽനിന്ന് യാത്രക്കാർ ഇറങ്ങിയതിനു ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രിത ഏപ്രൺ പ്രദേശത്ത് കൗമാരക്കാരനെ കണ്ടെത്തിയത്. എയർപോർട്ട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു സംഭവങ്ങൾ വെളിച്ചത്തു വന്നത്. പ്രായപൂർത്തിയാകാത്തതിനാൽ നിയമനടപടി ഉണ്ടാകാനിടയില്ല. സമാനസംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതിജീവനം അപൂർവമാണെന്നു രേഖകൾ പറയുന്നു.
1996ൽ ഇന്ത്യയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് സാഹസികയാത്ര നടത്തിയ സഹോദരന്മാരിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.
ഡൽഹിയിൽനിന്ന് ലണ്ടനിലേക്ക് പോയ വിമാനത്തിലാണ് പ്രദീപ് സൈനി (22),വിജയ് സൈനി (19) എന്നിവർ കയറിക്കൂടിയത്. ഹീത്രൂ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇളയ സഹോദരൻ മരിക്കുകയായിരുന്നു. അതികഠിനമായ തണുപ്പാണ് പലപ്പോഴും ഇത്തരം യാത്രകൾക്കു മുതിരുന്നവരുടെ ജീവനെടുക്കാറുള്ളത്.
എന്നാൽ, വീൽ ബേയിൽ ചക്രങ്ങൾ തിരികെയെത്തിക്കഴിഞ്ഞ് ഡോറുകൾ അടഞ്ഞാൽ വിമാനത്തിലെ താപനില ഇവിടെയും ഉണ്ടാകുമെന്നും അതാണ് കൗമാരക്കാരൻ രക്ഷപ്പെടാൻ കാരണമെന്നും വ്യോമയാന വിദഗ്ധൻ മോഹൻ രംഗനാഥൻ വ്യക്തമാക്കി.