ശക്തമായ ഇടത് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഡി. രാജ
Tuesday, September 23, 2025 2:03 AM IST
ചണ്ഡിഗഡ്: ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ.
സമത്വത്തിലും സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ഊന്നിയ ബദൽകാഴ്ചപ്പാടിനുള്ള പോംവഴി ഇതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ലക്ഷ്യബോധമില്ലാത്ത നയങ്ങൾ തൊഴിലില്ലായ്മ ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളാണു സമൂഹത്തിൽ സൃഷ്ടിക്കുന്നത്.
ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്നും ആദ്ദേഹം ആഹ്വാനം ചെയ്തു. ചണ്ഡിഗഡിൽ സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ഡി. രാജ.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ (എം-എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി നേതാവ് മനോജ് ഭട്ടാചാര്യ തുടങ്ങിയവരും സംസാരിച്ചു.
സ്വാതന്ത്ര്യസമരസേനാനി ഭഗത് സിംഗിന്റെ കൊച്ചുമകൻ പ്രഫ. ജഗ്മോഹൻ സിംഗ് ദേശീയപതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്. കർഷക നേതാവ് ഭൂപീന്ദർ സംബാർ പാർട്ടി പതാകയും ഉയർത്തി. വ്യാഴാഴ്ചയാണു പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്.