വിസി നിയമനത്തിൽ ഗവർണർക്കു തിരിച്ചടി
Tuesday, September 23, 2025 2:12 AM IST
ന്യൂഡൽഹി: കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വൈസ് ചാൻസലർ നിയമന നടപടിയിൽനിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഗവർണർ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
വിസി നിയമനത്തിന് പേരുകൾ പട്ടികപ്പെടുത്താൻ സുപ്രീംകോടതി നിയോഗിച്ച മുൻ ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ വിഷയത്തിൽ ഇടപെടുകയുള്ളൂവെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സ്ഥിരം വിസി സ്ഥാനത്തേക്കു സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു പേരടങ്ങിയ പാനലിൽനിന്നും മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി നിർദേശിക്കുന്ന പേര് കണക്കിലെടുത്തായിരിക്കണം ഗവർണർ വിസി നിയമനം നടപ്പാക്കേണ്ടതെന്നാണ് സുപ്രീംകോടതി ഓഗസ്റ്റ് എട്ടിലെ ഉത്തരവിൽ വ്യക്തമാക്കിയത്.
പശ്ചിമബംഗാളിലെ വിസി നിയമന കേസിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുപ്രകാരമാണ് കേരളത്തിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
എന്നാൽ പശ്ചിമബംഗാൾ കേസിൽ ആദ്യം പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റം വരുത്തിയതായും അതിലൂടെ വിസി നിയമനത്തിൽ പൂർണ അധികാരം ചാൻസലർകൂടിയായ ഗവർണറിൽ പുനഃസ്ഥാപിക്കപ്പെട്ടതായും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയിൽ പറഞ്ഞു. അതിനാൽ, കേരളത്തിലെ വിസി നിയമനത്തിൽ ഇതു പാലിക്കണമെന്നും ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ വ്യക്തമാക്കി.
എന്നാൽ അറ്റോർണി ജനറലിന്റെ ആവശ്യത്തെ സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എതിർത്തു. തുടർന്ന് സമിതി റിപ്പോർട്ട് ലഭിച്ചശേഷം വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
യുജിസി ചട്ടപ്രകാരം വൈസ് ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രിക്ക് യാതൊരു പങ്കും വഹിക്കാൻ കഴിയില്ലെന്നും അതിനാൽ ഈ നിയമനപ്രക്രിയയിൽനിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.
കേസിൽ യുജിസിയെ കക്ഷി ചേർക്കാനുള്ള മറ്റൊരാവശ്യവും ഗവർണർ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ യുജിസി പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഗവർണർ മുന്നോട്ടുവച്ചിട്ടുണ്ട്.