ജിഎസ്ടി പരിഷ്കാരം സന്പാദ്യം ഉയർത്തും: പ്രധാനമന്ത്രി
Tuesday, September 23, 2025 2:12 AM IST
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം ജനങ്ങളുടെ സന്പാദ്യം ഉയർത്തുമെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗത്തിനും നേരിട്ടു പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
2047 ഓടെ വികാസ് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ചുമുന്നേറാനുള്ള പാതയാണിതെന്നും ജനങ്ങൾക്കുള്ള തുറന്ന കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
വിപണികള്‍ മുതല്‍ വീടുകളിൽവരെ ജിഎസ്ടി സന്പാദ്യ ഉത്സവത്തിന്റെ ആരവമാണ്. ഈ ഉത്സവകാലം മുതൽ ചെലവു കുറയുന്നത് ഓരോ വീട്ടിലും തിളക്കമാര്‍ന്ന പുഞ്ചിരി ഉറപ്പാക്കുന്നുവെന്നും ജിഎസ്ടി സംബന്ധിച്ച് പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ ഉൾപ്പെടുത്തിയുള്ള സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് തുറന്ന കത്തെഴുതിയിരിക്കുന്നത്. പരിഷ്കാരങ്ങള്‍ എല്ലാ മേഖലകളിലും സമ്പാദ്യം വര്‍ധിപ്പിക്കും. സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഇതു സഹായിക്കും.
പരിഷ്കാരങ്ങള്‍ക്ക് മുന്‍പും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ കടയുടമകളും വ്യാപാരികളും സ്ഥാപിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
2047ഓടെ വികസിത ഭാരതം എന്നതാണു ലക്ഷ്യമെന്നും അതിന് സ്വാശ്രയത്വത്തിന്റെ പാത അനിവാര്യാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിർമിക്കുന്ന ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വില്ക്കാന് കടയുടമകളോടും വ്യാപാരികളോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.