കോക്പിറ്റ് തുറക്കാൻ യാത്രക്കാരന്റെ ശ്രമം
Tuesday, September 23, 2025 2:12 AM IST
വാരാണസി: ബാംഗളൂരിൽനിന്ന് വാരാണസിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റ് തുറക്കാൻ യുവാവിന്റെ ശ്രമം. പൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാരാണസിയിൽ അധികൃതർ അതീവജാഗ്രതയിലായി.
വിമാനം നിലത്തിറങ്ങിയ ഉടൻ സിഐഎസ്എഫ് സംഘം യുവാവിനെ ചോദ്യംചെയ്തു. പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ടോയ്ലറ്റ് ആണെന്ന ധാരണയിൽ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ യുവാവ് ശ്രമിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണു വിശദീകരണം.
യുവാവിനു പുറമേ ഒപ്പമുണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്നലെ രാവിലെ എട്ടിന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാവിലെ 10:30 നാണു വിമാനം വാരാണസിയിലിറങ്ങിയത്.
യുവാവ് ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായതായി എയര്‍ ഇന്ത്യ അറിയിച്ചു. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും യാത്രക്കാരനിൽനിന്ന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.