അഹമ്മദാബാദ് വിമാനാപകടം: നിഷ്പക്ഷ അന്വേഷണത്തിന് നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി
Tuesday, September 23, 2025 2:03 AM IST
ന്യൂഡൽഹി: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ഏജൻസികൾ സ്വീകരിക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്ന് സുപ്രീംകോടതി.
വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഇന്ത്യ (എഎഐബി), ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവരിൽനിന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരുടെ ബെഞ്ച് പ്രതികരണം തേടി.
രാജ്യത്തെ വ്യോമയാനസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടന (എൻജിഒ) സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണു കോടതിനടപടി. അതേസമയം അന്വേഷണറിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണമെന്ന ആവശ്യത്തിൽ കോടതി എതിർപ്പ് രേഖപ്പെടുത്തി. അന്വേഷണം ശരിയായ പാതയിലാണോ നടക്കുന്നത് എന്ന വിവരം മാത്രമാണു വിവിധ സർക്കാർ ഏജൻസികളിൽനിന്നു കോടതി തേടിയത്.
അപകടത്തെപ്പറ്റിയുള്ള തെരഞ്ഞെടുത്ത വിവരങ്ങൾ മാത്രമാണ് എഎഐബി പുറത്തുവിട്ടതെന്നും അതിൽ അപകടത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ഹർജിക്കാർ വാദിച്ചു. അതിലെ അന്വേഷണറിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണമെന്നാണ് ഹർജിക്കാർ ഉന്നയിച്ചത്.
എയർ ഇന്ത്യ ബോയിംഗ് 7878 ഡ്രീംലൈനറിലെ നിർമാണപ്പിഴവിലേക്കും അന്താരാഷ്ട്രതലത്തിൽ ശിപാർശ ചെയ്ത പരിശോധനകൾ നടത്തുന്നതിൽ വിമാനക്കന്പനി പരാജയപ്പെട്ടതിലേക്കും പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിരൽ ചൂണ്ടുന്നില്ലെന്നും ഹർജിക്കാർ ആരോപിച്ചു.