പുനലൂരിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
Tuesday, September 23, 2025 2:03 AM IST
പുനലൂർ: ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കലയനാട് കൂത്തനാടിയിലാണ് സംഭവം. കലയനാട് ചരുവിള വീട്ടിൽ ശാലിനി (39) യെയാണ് ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.
സംഭവത്തിനുശേഷം ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പോലീസിൽ കീഴടങ്ങി. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം.
ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്നു മാറി താമസിക്കുകയായിരുന്നു. ശാലിനി ജോലിക്കു പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവർ തമ്മിലുള്ള വഴക്കുകൾക്ക് തുടക്കം. ഇന്നലെ രാവിലെ ആറിനു ശാലിനി ഭർത്താവും മക്കളും താമസിക്കുന്ന തൊട്ടടുത്ത വീട്ടിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പോയതായിരുന്നു.
റബർ ടാപ്പിംഗുകാരനായ ഭർത്താവ് പുലർച്ചെ പോയിക്കാണുമെന്നാണ് ശാലിനി കരുതിയത്. എന്നാൽ ഒളിച്ചിരുന്ന് ഇയാൾ വെട്ടിയും കുത്തിയും ഇവരെ കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തെിയതോടെ ഐസക് സ്ഥലത്തുനിന്നുരക്ഷപ്പെട്ടു.
തുടര്‍ന്ന് ഇക്കാര്യം ഫെയ്സ്ബുക്ക് ലൈവില്‍ പങ്കുവയ്ക്കുകയും ഉണ്ടായി. ഐസക്ക് സംശയ രോഗിയായിരുന്നുവെന്നു പോലീസ് പറയുന്നു. സംശയത്തെത്തുടർന്ന് ഇവർ പലപ്പോഴും വഴക്കിട്ടിരുന്നു.
അക്രമവും വഴക്കും ഏറിയതോടെ ശാലിനി തൊട്ടടുത്തുള്ള അമ്മയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു.
പ്ലസ്ടു വിദ്യാർഥിയായ ഷിബിൻ, ഷിജിൻ എന്നിവർ മക്കളാണ്.