പാലിയേക്കര ടോള്‍പിരിവ് നിരോധനം നീട്ടി
Tuesday, September 23, 2025 2:03 AM IST
കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതു നിര്‍ത്തിവച്ച ഉത്തരവ് ഹൈക്കോടതി വീണ്ടും നാളെവരെ നീട്ടി. മുരിങ്ങൂരിലെ സര്‍വീസ് റോഡിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടിയാണു ഡിവിഷന് ബെഞ്ചിന്റെ നടപടി.
പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം എന്‍എച്ച് 544ലെ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുസ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ടോള്‍ പിരിക്കുന്നതു തടഞ്ഞത്.
കഴിഞ്ഞ മാസം ആറിന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കോടതി ആദ്യം നാലാഴ്ചത്തേക്ക് ടോള്‍പിരിവ് നിര്‍ത്തിവച്ചിരുന്നു. ഇത് 18ലെ ഉത്തരവ് വഴി സുപ്രീംകോടതി ശരിവച്ചു. തുടര്‍ന്നുള്ള ഉത്തരവുകളിലൂടെ വിലക്ക് നീട്ടി. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ ടോള്‍പിരിവ് നിര്‍ത്തിവച്ചത് പിന്‍വലിക്കുമെന്ന് കോടതി സൂചന നല്‍കിയിരുന്നു.