എച്ച് -1ബി വീസ ഫീസ് വർധന: ഓഹരിവിപണിയിൽ നഷ്ടം
Tuesday, September 23, 2025 12:10 AM IST
മുംബൈ: യുഎസിലേക്കുള്ള എച്ച് -1ബി വീസയ്ക്ക് ഫീസ് ഉയർത്താനുള്ള തീരുമാനത്തിൽ ഐടി ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകൾക്ക് ഇടിവ്.
തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിലാകുന്നത്. പുതിയ എച്ച് -1ബി വീസ അപേക്ഷകൾക്ക് ഒരുലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന സൂചികയായ സെൻസെക്സ് 466 പോയിന്റ് (0.56%) നഷ്ടത്തിൽ 82,160ലെത്തി. നിഫ്റ്റിയാകട്ടെ 125 പോയിന്റ് (0.49 %) ഇടിവിൽ 25,202 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.67 ശതമാനവും സ്മോൾക്യാപ് സൂചിക 1.17 ശതമാനവും നഷ്ടത്തിലായി.
മേഖലാ സൂചികകളിൽ നിഫ്റ്റി ഫിനാൻഷൽ സർവീസ്, മീഡിയ, മെറ്റൽ എന്നിവ ഒഴിച്ചുള്ളതെല്ലാം നഷ്ടത്തിലായി. നിഫ്റ്റി ഐടി 2.95 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റി ഫാർമ 1.41 ശതമാനവും നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി സൂചികകളും നഷ്ടത്തിലായി.