റിട്ടേണ്‍ 4500%; ബിവൈഡിയിലെ ഓഹരികൾ മുഴുവൻ വിറ്റ് ബഫറ്റിന്റെ കന്പനി
Tuesday, September 23, 2025 12:10 AM IST
ന്യൂയോർക്ക്: ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാവായ ബിവൈഡിയിലെ മുഴുവൻ ഓഹരിയും വിറ്റൊഴിഞ്ഞ് വാറൻ ബഫറ്റിന്റെ നിക്ഷേപക കന്പനി ബെർക്ക്ഷെയർ ഹാത്തവേ. ബഫറ്റിന്റെ നീക്കത്തിന് പിന്നാലെ ബിവൈഡി ഓഹരികൾ ഇന്നലെ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. മൂന്നാഴ്ചയ്ക്കിടെ കന്പനിയുടെ ഓഹരികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. 17 വർഷത്തിനിടെ 45 മടങ്ങോളം റിട്ടേണ്‍ നേടിയ ശേഷമാണ് പിന്മാറ്റം.
2008ൽ 230 മില്യണ്‍ ഡോളറിനാണ് ബിവൈഡിയിലെ 22.5 കോടി ഓഹരികൾ ബെർക്ക്ഷെയർ ഹാത്തവേ സ്വന്തമാക്കുന്നത്. 2022 ഓഗസ്റ്റിൽ ആദ്യമായി ബിവൈഡി ഓഹരികൾ കന്പനി വിൽക്കാൻ ആരംഭിച്ചു.
നിക്ഷേപത്തിന്റെ മൂല്യം ഇരുപത് മടങ്ങ് വർധിച്ചതോടെയാണ് വിൽപ്പന ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലെത്തിയപ്പോൾ ബാക്കിയുണ്ടായിരുന്ന 76 ശതമാനം ഓഹരികളും കൂടി കന്പനി വിറ്റു. ഇതോടെ ബിവൈഡിയിലെ ബെർക്ക്ഷെയർ ഹാത്തവേയുടെ ഓഹരി വിഹിതം അഞ്ച് ശതമാനത്തിൽ താഴെയായി.
ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചട്ടം അനുസരിച്ച് അഞ്ചു ശതമാനത്തിൽ താഴെയുള്ള ഓഹരി നിക്ഷേപങ്ങളുടെ വിൽപ്പന വെളിപ്പെടുത്തണമെന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ബെർക്ക്ഷെയറിന്റെ സബ്സിഡിയറി സ്ഥാപനമായ ബെർക്ക്ഷെയർ എനർജി സമർപ്പിച്ച ഓഹരി ഫയലിംഗിലാണ് വിൽപ്പന വിവരങ്ങൾ പുറത്തുവന്നത്.
2024ന്റെ അവസാനം 415 മില്യൻ ഡോളറുണ്ടായിരുന്ന ബിവൈഡിയിലെ ഓഹരി വിഹിതം ഇക്കുറി പൂജ്യത്തിലെത്തി. ഇക്കാര്യം യുഎസ് കന്പനിയുടെ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു.
ബിവൈഡിയിലെ ആദ്യ വാങ്ങലിനു തൊട്ടുമുന്‍പുള്ള ദിവസം മുതൽ ഈ വർഷം മാർച്ച് 31 വരെയായി ബെർക്ക്ഷെയർ ഹാത്തവേയ്ക്ക് റിട്ടേണ്‍ ലഭിച്ചത് 4500 ശതമാനം.
17 വർഷങ്ങൾക്ക് മുന്‍പ് വലിയ പ്രശസ്തിയൊന്നുമില്ലാതിരുന്ന സെൽഫോണുകൾക്ക് ബാറ്ററി നിർമിച്ചു നൽകുന്ന കന്പനിയിൽനിന്നാണ് ബിവൈഡി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്, ഹൈബ്രിഡ് കാർ നിർമാതാക്കാളാകുന്നത്. അക്കാലത്ത് ബഫറ്റിന്റെ ദീർഘകാല ബിസിനസ് പങ്കാളിയായ ചാർളി മുംഗറുടെ ഉപദേശമാണ് ബെർക്ക്ഷെയറിന് ഈ നിക്ഷേപത്തിനെ പ്രേരിപ്പിച്ചത്.
ബിവൈഡിയിലെ ഓഹരികൾ പൂർണമായും വിൽക്കുന്ന കാര്യത്തിൽ ബെർക്ക്ഷെയർ ഹാത്തവേ കൃത്യമായ കാരണമൊന്നും നൽകിയിട്ടില്ല.