യുഎൻ റേസ് ടു സീറോയിൽ ആസ്റ്ററും
Wednesday, September 24, 2025 12:33 AM IST
കൊച്ചി: 2050ഓടെ നെറ്റ് സീറോ കാർബൺ ബഹിർഗമനം കൈവരിക്കുന്നതിനുള്ള ആഗോളസഖ്യമായ യുണൈറ്റഡ് നേഷൻസ് റേസ് ടു സീറോ കാമ്പയിനിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ അംഗത്വം നേടി.
ഇതിന്റെ ഭാഗമായി 2050ഓടെ ആസ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങളിലും നെറ്റ് സീറോ ബഹിർഗമനം കൈവരിക്കുമെന്ന് സ്ഥാപകചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഊർജ ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗ ഊർജ സ്രോതസുകളിലേക്ക് മാറുകയും ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യും. ശക്തമായ മാലിന്യനിർമാർജന, പുനരുപയോഗ രീതികളിലൂടെ മാലിന്യസംസ്കരണം മെച്ചപ്പെടുത്തും.
മഴവെള്ള സംഭരണം, മലിനജല സംസ്കരണം എന്നിവയിലൂടെ ജലസംരക്ഷണം ഉറപ്പാക്കുമെന്നും ഡോ. മൂപ്പൻ പറഞ്ഞു.