വീണ്ടും കുതിച്ച് പൊന്ന്
Wednesday, September 24, 2025 12:33 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ . ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് വർധിച്ചത്.
ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 10,480 രൂപയും പവന് 83,840 രൂപയുമായി സർവകാല റിക്കാർഡിൽ എത്തിയിരുന്നു.
അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 3748 ഡോളറിലുമായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിലനിലവാരം അനുസരിച്ച് അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 3786 ഡോളറായി ഉയർന്നു. രൂപ ദുർബലമായി വിനിമയനിരക്ക് 88.74 ലേക്കും എത്തി.
തുടർന്ന് സ്വർണവിലയിൽ ഗ്രാമിന് 125 രൂപയുടെയും പവന് 1000 രൂപയുടെയും വർധനയാണുണ്ടായത്. ഇതോടെ സ്വർണവില ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഗ്രാമിന് 10,605 രൂപയിലും പവന് 84,840 രൂപയിലുമെത്തി.
അന്താരാഷ്ട്രതലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയനിരക്ക് തകർച്ചയിലേക്ക് നീങ്ങുകയാണ്.