ഫാൽക്കെ നിറവിൽ മോഹൻലാൽ; കരഘോഷവുമായി സദസ്
Wednesday, September 24, 2025 1:53 AM IST
സീനോ സാജു
ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനം വിണ്ണോളവും മലയാളത്തിന്റെ നടനവൈഭവത്തെ ഇന്ത്യൻ സിനിമയുടെ നെറുകെയോളവും ഉയർത്തി 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം രാജ്യതലസ്ഥാനത്ത് നടന്നു.
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അഞ്ചു പുരസ്കാരങ്ങൾ നേടി മലയാളസിനിമ ദേശീയതലത്തിൽ മികവ് കാട്ടിയപ്പോൾ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി മലയാളത്തിന്റെ അതുല്യ കലാകാരൻ മോഹൻലാൽ മലയാളസിനിമയുടെ യശസുയർത്തി.
മുഴുവൻ സദസിന്റെയും എഴുന്നേറ്റു നിന്നുള്ള കര ഘാഷത്തിന്റെ അകന്പടിയോടെയാണ് മോഹൻലാൽ വേദിയിലെത്തി രാഷ്ട്രപതിയിൽനിന്നു പരമോന്നത പുരസ്കാരം ഏറ്റുവാങ്ങിയത്.
എന്റെ ആത്മാവിന്റെ സ്പന്ദനമാണു സിനിമ: മോഹൻലാൽ
ന്യൂഡൽഹി: എന്റെ ആത്മാവിന്റെ സ്പന്ദനമാണു സിനിമയെന്ന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോഹൻലാൽ പറഞ്ഞു. ഈ നിമിഷത്തെപ്പറ്റി സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ലെന്നും പുരസ്കാരം മലയാളസിനിമയ്ക്കും കേരളത്തിലെ പ്രേക്ഷകർക്കും സമ്മാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

പരമോന്നത ചലച്ചിത്ര പുസ്കാരത്തിന്റെ മലയാളത്തിൽനിന്നുള്ള രണ്ടാമത്തെയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളുമായ വിജയിയായതിൽ താൻ വിനീതനാണെന്നും മലയാള സിനിമാവ്യവസായത്തിനു മുഴുവനായുള്ള ബഹുമതിയാണ് പുരസ്കാരമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മികച്ച സഹനടനുള്ള പുരസ്കാരം "പൂക്കാലം' സിനിമയിലെ അഭിനയത്തിന് വിജയരാഘവൻ ഏറ്റുവാങ്ങിയപ്പോൾ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി.