പുരസ്കാരവേദിയിൽ ശ്രദ്ധാകേന്ദ്രമായി മോഹൻലാൽ
Wednesday, September 24, 2025 1:53 AM IST
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ ശ്രദ്ധാകേന്ദമായി മോഹന്‍ലാൽ. മികച്ച നടനുള്ള പുരസ്കാരം നേടിയ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ സദസിൽ സന്നിഹിതരായിരുന്നെങ്കിലും രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയുടെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായ മോഹൻലാലായിരുന്നു ആദ്യം മുതൽ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം.
പുരസ്കാരം നേടിയവരിൽ ഏറ്റവും കൂടുതൽ കൈയടികൾ നൽകേണ്ടതു മോഹൻലാലിനാണെന്ന് ചടങ്ങിനിടെ കേന്ദ്ര വാർത്താവിതരണ- പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞപ്പോൾ മുതൽ മോഹൻലാലിന്റെ പേര് കേൾക്കുന്പോഴെല്ലാം സദസിൽനിന്ന് നിറഞ്ഞ കരഘോഷമായിരുന്നു.
"താങ്കളൊരു ഉഗ്രൻ നടനാ'ണെന്നായിരുന്നു അതുല്യ കലാകാരനെ കേന്ദ്രമന്ത്രി മലയാളത്തിൽ വിശേഷിപ്പിച്ചത്. മോഹൻലാലിന് പുരസ്കാരം നൽകിയശേഷം നടത്തിയ പ്രസംഗത്തിൽ മോഹൻലാൽ അഭിനയിച്ച സംസ്കൃത നാടകമായ "കർണഭാര'വും അദ്ദേഹത്തിനെ ദേശീയ അവാർഡിന് അർഹനാക്കിയ "വാനപ്രസ്ഥ' സിനിമയും രാഷ്ട്രപതി പരാമർശിച്ചു.
മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചശേഷം അര നൂറ്റാണ്ടിനോടടുക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതത്തെ വരച്ചുകാട്ടുന്ന ഹ്രസ്വവീഡിയോ പ്രദർശനവും ചടങ്ങിൽ നടന്നു.
ഇന്ത്യൻ സിനിമയുടെ വൈവിധ്യം വെളിവാക്കി വിവിധ ഭാഷയിലുള്ള അതുല്യ കലാകാരന്മാർ പങ്കെടുത്ത ചടങ്ങിൽ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജി നേടിയപ്പോൾ "കേരള സ്റ്റോറി' സംവിധാനം ചെയ്ത സുദിപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം "ട്വൽത്ത് ഫെയിലി'നുവേണ്ടി സംവിധായകൻ വിധു വിനോദ് ചോപ്രയും മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം "റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന സിനിമ സംവിധാനം ചെയ്ത കരണ്‍ ജോഹറും ഏറ്റുവാങ്ങി.
മലയാള സിനിമയിൽ "ഉള്ളൊഴുക്ക്' സിനിമ സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമി മികച്ച മലയാളം ചിത്രത്തിനുള്ള പുരസ്കാരം നേടി. "പൂക്കാലം' സിനിമയുടെ എഡിറ്റർ മിഥുൻ മുരളി മികച്ച എഡിറ്റർക്കുള്ള പുരസ്കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം മോഹൻദാസും ഏറ്റുവാങ്ങി. എം.കെ. രാമദാസ് സംവിധനവും നിർമാണവും നിർവഹിച്ച "നേക്കൽ ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ' എന്ന ചിത്രം നോണ്‍ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയതിനുള്ള പുരസ്കാരവും ഏറ്റുവാങ്ങി.