ഓവാലിയിലെ കൊലയാളി കൊന്പനെ മയക്കുവെടിവച്ചു പിടികൂടി
Wednesday, September 24, 2025 1:49 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ ഭീതി പരത്തിവന്ന കൊലയാളി ആന രാധാകൃഷ്ണനെ ഇന്നലെ മയക്കുവെടിവച്ചു പിടികൂടി. എല്ലമല കുറുന്പർ പാടിയിലെ തേയിലത്തോട്ടത്തിൽ നിന്നാണ് ആനയെ പിടികൂടിയത്.
ഡോക്ടർമാരായ രാജേഷ്കുമാർ, കലൈവാണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് ശേഷം രണ്ട് തവണ മയക്കുവെടി വച്ചത്. തുടർന്ന് കുംകിയാനകളുടെ സഹായത്തോടെ തളയ്ക്കുകയായിരുന്നു. വൈകുന്നേരത്തോടെ കൊന്പനെ ലോറിയിൽ കയറ്റി മുതുമല വന്യജീവി സങ്കേതത്തിലെത്തിച്ച് അഭയാറണിയിലെ ആനപ്പന്തിയിലെ കൊട്ടിലിൽ അടച്ചു.
പത്ത് വർഷക്കാലം ഓവാലി പഞ്ചായത്തിൽ ഭീതി പരത്തിയിരുന്ന കാട്ടു കൊന്പനാണിത്. 12 പേരേ കൊന്ന ആന നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു. ആനയെ പിടികൂടണമെന്ന നാട്ടുകാരുടെ ഉറച്ച നിലപാടിനു മുന്പിൽ വനംവകുപ്പ് മുട്ടുമടക്കുകയായിരുന്നു.
ഒരാഴ്ചയായി ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. ആനയെ മയക്കുവെടിവച്ചു പിടിക്കാനുള്ള ചെന്നൈ പിസിസിഎഫ് രാകേഷ്കുമാർ കോഗ്രയുടെ ഉത്തരവ് ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ആനയെ പിടികൂടാൻ വനംവകുപ്പിന് സാധിക്കാത്തതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു.
ശ്രീനിവാസൻ, വിജയ്, ബൊമ്മൻ, വസീം എന്നീ കുംകിയാനകളുടെയും 100 വനപാലകരുടെയും രണ്ട് ഡ്രോണ്‍ കാമറകളുടെയും സഹായത്തോടെയാണ് ആനയെ തളക്കാനായത്.
12 ഇടങ്ങളിൽ കാമറകൾ സ്ഥാപിച്ചും രണ്ട് ഇടങ്ങളിൽ ഏറുമാടങ്ങൾ സ്ഥാപിച്ചും നിരീക്ഷണം നടത്തിയിരുന്നു.
ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, ഓവാലി റേഞ്ചർ വീരമണി എന്നിവരടങ്ങിയ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ആനയ്ക്ക് പരിശീലനം നൽകി പിന്നീട് കുംകി ആക്കാനാണു പദ്ധതി.