വിമാനചക്രങ്ങൾക്കിടയിൽ ഒളിച്ച് ഇന്ത്യയിലെത്തിയ കൗമാരക്കാരനെ അതേ വിമാനത്തിൽ തിരിച്ചയച്ചു
Wednesday, September 24, 2025 1:49 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട വിമാനത്തിന്റെ പിൻചക്രത്തിന്റെ ഭാഗത്ത് ഒളിച്ചിരുന്നു സാഹസിക യാത്ര നടത്തിയ പതിമൂന്നുകാരനെ അതേ വിമാനത്തിൽ അഫ്ഗാനിലേക്കു തിരിച്ചയച്ചു. ഞായറാഴ്ച ഡൽഹി വിമാനത്താവളത്തിലാണ് കൗമാരക്കാരൻ എത്തിയത്.
ഞായറാഴ്ച വൈകുന്നേരംതന്നെ പതിമൂന്നുകാരനെ തിരിച്ചയച്ചു. അഫ്ഗാനിസ്ഥാന്റെ കെഎഎം എയറിന്റെ ആർക്യു 4401 വിമാനത്തിലാണു സംഭവം നടന്നത്.
ഹമീദ് കർസായി വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനത്തിൽ ഡൽഹിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽനിന്നു യാത്രക്കാർ ഇറങ്ങിയതിനു ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രിത ഏപ്രൺ പ്രദേശത്ത് കൗമാരക്കാരനെ കണ്ടെത്തിയത്.