നേതാക്കളുടെ പ്രതിമ നിർമിക്കാൻ പൊതുപണം എന്തിനു ചെലവഴിക്കണം: സുപ്രീംകോടതി
Wednesday, September 24, 2025 1:53 AM IST
ന്യൂഡൽഹി: നേതാക്കളെ മഹത്വവത്കരിക്കുന്നതിന് പ്രതിമനിർമാണം പോലുള്ള നടപടികൾക്കു ഖജനാവിലെ പൊതുപണം എന്തിന് ഉപയോഗിക്കണമെന്നു സുപ്രീംകോടതി.
പൊതുപണം ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റീസുമാരായ വിക്രംനാഥ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. നേതാക്കളെ മഹത്വവത്കരിക്കുന്നതിന് പൊതുപണം എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കോടതി തമിഴ്നാട് സർക്കാരിനോടു ചോദിച്ചു.
തിരുനൽവേലി ജില്ലയിലെ ഒരു മാർക്കറ്റിനു സമീപം അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വെങ്കല പ്രതിമയും നെയിം ബോർഡും സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു.
കോടതി ഇതു നിഷേധിച്ചതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്. ലീഡേഴ്സ് പാർക്ക് എന്നപേരിൽ നേതാക്കളുടെ പ്രതിമകൾ നിർമിക്കുന്നതിനാണ് തമിഴ്നാട് സർക്കാർ പദ്ധതിയിട്ടത്. പൊതുസ്ഥലങ്ങളിൽ പൊതുപണം ഉപയോഗിച്ച് ഇതു സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പൊതുസ്ഥലങ്ങളിൽ നിർമിക്കുന്ന പ്രതിമകൾ പലപ്പോഴും ഗതാഗതക്കുരുക്കും പൊതുജനങ്ങൾക്ക് മറ്റ് അസൗകര്യങ്ങളും ഉണ്ടാക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.