കോടതികൾ റിക്കവറി ഏജന്റുമാരല്ല: സുപ്രീംകോടതി
Wednesday, September 24, 2025 1:53 AM IST
ന്യൂഡൽഹി: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് റിക്കവറി ഏജന്റുമാരായി കോടതികൾക്കു പ്രവർത്തിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
സിവിൽ കേസുകളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്ന പ്രവണതയെ വിമർശിച്ച ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് കുടിശികത്തുകകൾ തിരിച്ചുപിടിക്കുന്നതിന് അറസ്റ്റ് ഭീഷണി ഉപയോഗിക്കാനാകില്ലെന്നും നിരീക്ഷിച്ചു.
ഉത്തർപ്രദേശിലെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട ഒരു കേസിൽ എളുപ്പത്തിൽ പണം തിരിച്ചുപിടിക്കുന്നതിന് കക്ഷിക്കെതിരേ പോലീസ് ക്രിമിനൽ കുറ്റം ചുമത്തിയതിനെത്തുടർന്നാണ് കോടതിയുടെ പരാമർശം.
ഇത്തരത്തിൽ ഒരു കുറ്റകൃത്യം സിവിലാണോ ക്രിമിനലാണോ എന്നറിയാതെ ആളുകൾക്കു നേരേ ചുമത്തുന്നത് ഗുരുതര വീഴ്ചകൾക്കു വഴിവയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്താലുടൻ അറസ്റ്റ് ചെയ്യണമെന്ന് അർഥമില്ലെന്നു കോടതി പറഞ്ഞു.
കുറ്റകൃത്യത്തിന്റെ സ്വഭാവം മനസിലാക്കി അതു സിവിലാണോ ക്രിമിനലാണോ എന്നു മനസിലാക്കാൻ പോലീസിനു സാധിക്കണമെന്നും കോടതി പറഞ്ഞു. ക്രിമിനൽ നിയമത്തിന്റെ ഇത്തരം ദുരുപയോഗം നിയമവ്യവസ്ഥയ്ക്കു ഗുരുതര ഭീഷണി ഉയർത്തുമെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.