കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു പാറ്റ്നയിൽ
Wednesday, September 24, 2025 1:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വോട്ടുകൊള്ളയും നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും ചർച്ച ചെയ്യാൻ കോണ്‍ഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗം ഇന്നു പാറ്റ്നയിൽ നടക്കും.
ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെയാണു ‘വോട്ട് ചോരി’ നടപ്പാക്കിയതെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്മേൽ ഭാവി കർമപദ്ധതികൾ യോഗം ആവിഷ്കരിക്കും.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ബിഹാർ തലസ്ഥാനമായ പാറ്റ്നയിൽ കോണ്‍ഗ്രസിന്റെ ഉന്നതസമിതിയായ വർക്കിംഗ് കമ്മിറ്റി യോഗം ചേരുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ നടത്തിയ രണ്ടാഴ്ച നീണ്ട 1,300 കിലോമീറ്റർ വോട്ട് അധികാർ യാത്രയ്ക്കു പിന്നാലെയാണു പ്രവർത്തകസമിതി പാറ്റ്നയിൽ യോഗം നടത്തുന്നത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു- ബിജെപി സഖ്യത്തിനെതിരേ ആർജെഡി- കോണ്‍ഗ്രസ്- ഇടതുപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ സമ്മേളനം സഹായിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടൽ.
വോട്ടുകൊള്ളയും ബിഹാർ തെരഞ്ഞെടുപ്പും 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും (എസ്ഐആർ) സംബന്ധിച്ച് പ്രത്യേക പ്രമേയങ്ങൾ യോഗം പാസാക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടർപട്ടിക ക്രമക്കേടുകൾ തടയുന്നതിന് പാർട്ടി പ്രവർത്തകരുടെ പ്രത്യേക സേന രൂപീകരിക്കുന്നത് അടക്കമുള്ള തന്ത്രങ്ങൾക്ക് യോഗം അന്തിമരൂപം നൽകും.
ബിഹാറിലെ എല്ലാ ജില്ലകളിലും വോട്ടുകൊള്ളയെക്കുറിച്ചു പത്രസമ്മേളനം നടത്തി വിശദീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർക്കുന്ന നടപടികൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രശ്നങ്ങൾ എന്നിവയും അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നടപടികളും പ്രവർത്തകസമിതി ചർച്ച ചെയ്തേക്കും.
പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ സദാഖത്ത് ആശ്രമത്തിൽ രാവിലെ പത്തിനു തുടങ്ങുന്ന പ്രവർത്തകസമിതി യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായിരിക്കും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സജീവമായി പങ്കെടുക്കും. മുതിർന്ന പ്രവർത്തക സമിതിയംഗമായ എ.കെ. ആന്റണി പാറ്റ്നയിലെ പ്രത്യേക യോഗത്തിലും എത്തില്ല.
പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ, ഡോ. ശശി തരൂർ, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പി. ചിദംബരം, ജയ്റാം രമേശ്, അജയ് മാക്കൻ, ദീപാദാസ് മുൻഷി, സച്ചിൻ പൈലറ്റ്, ഗൗരവ് ഗൊഗോയ് എന്നിവരടക്കമുള്ള പ്രവർത്തകസമിതിയംഗങ്ങൾ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ. രേവന്ത് റെഡ്ഢി, സുഖ്വിന്ദർ സിംഗ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പിസിസി അധ്യക്ഷന്മാർ, വി.ഡി. സതീശൻ അടക്കമുള്ള നിയമസഭാകക്ഷി നേതാക്കൾ, സ്ഥിരം- പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ ഉൾപ്പെടെ ഉന്നതനേതാക്കൾ പങ്കെടുക്കും.
ബിഹാർ പിസിസി പ്രസിഡന്റ് രാജേഷ് റാം, മുതിർന്ന നേതാക്കളായ ഷക്കീൽ അഹമ്മദ് ഖാൻ, മദൻ മോഹൻ ഝാ തുടങ്ങിയവർ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. ബിഹാർ തെരഞ്ഞെടുപ്പിനായി 39 അംഗ സമിതിയെ നേരത്തേ എഐസിസി നിയോഗിച്ചിരുന്നു.