സംസ്ഥാനവ്യാപക കസ്റ്റംസ് റെയ്ഡ്; ഭൂട്ടാനിൽനിന്ന് അനധികൃതമായി എത്തിച്ച 36 വാഹനങ്ങള്‍ പിടിച്ചെടുത്തു
Wednesday, September 24, 2025 1:49 AM IST
കൊച്ചി: ഭൂട്ടാനില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് "ഓപ്പറേഷന് നുംഖോര്‍' എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഇത്തരത്തില്‍ കേരളത്തില്‍ 150 മുതല്‍ 200 ഓളം വാഹനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ഡോ. ടി. ടിജു പറഞ്ഞു.
തീവ്രവാദ വിരുദ്ധ സേന, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 35 ഇടങ്ങളിലായിരുന്നു കേരളത്തിൽ പരിശോധന.
ഭൂട്ടാന് സൈന്യം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തില്‍പ്പെട്ടതുമായ വാഹനങ്ങള്‍ അതിര്‍ത്തി കടത്തി കൊണ്ടുവന്നു വില്‍ക്കുന്ന, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്നു വാങ്ങി ഇന്ത്യയിലെത്തിക്കുന്നതാണ് ഇവരുടെ രീതി. ഭൂട്ടാനില്വച്ച് വാഹനങ്ങള്‍ അഴിച്ച് വണ്ടികളിലാക്കി വനാതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ച് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണ് രീതി. അല്ലെങ്കില്‍ വലിയ കണ്ടെയ്നറുകളിലാക്കി ഇന്ത്യയിലെത്തിക്കും. ഭൂട്ടാന് സ്വദേശികള്‍ക്കു കാറുമായി ഇന്ത്യയിലേക്കു വരാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്തും വാഹനമെത്തിക്കാറുണ്ട്. ഭൂട്ടാനില്‍നിന്ന് വാഹനം കൊണ്ടുവന്നശേഷം കൃത്രിമ രേഖകള്‍ ഉപയോഗിച്ചു രജിസ്ട്രേഷന് നടത്തും.
ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എംബസികള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍, അമേരിക്കന്‍ എംബസികള്‍ തുടങ്ങിയവയുടെ സീലുകളും മറ്റും ഇതിനായി കൃത്രിമമായി നിര്‍മിക്കുന്നു. പരിവാഹന്‍ വെബ്സൈറ്റിലും ഇവര്‍ കൃത്രിമം നടത്തുന്നുണ്ട്. വാഹനങ്ങള്‍ എത്തിക്കുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നുണ്ടെന്നാണു വിവരം.
ഇന്തോ-ഭൂട്ടാന് അതിര്‍ത്തിയില്‍ ഡിആര്‍ഐയും മറ്റ് ഏജന്‍സികളും ഇവ പിടികൂടിയ സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ പറഞ്ഞു.
പരിവാഹന്‍ സൈറ്റിലും കൃത്രിമം
പരിവാഹന്‍ വെബ്സൈറ്റില്‍ പോലും കൃത്രിമം നടത്തിയിട്ടുണ്ട്. 2014ല്‍ നിര്‍മിച്ച ഒരു വാഹനം 2005ല്‍ രജിസ്റ്റര്‍ ചെയ്തതായാണു സൈറ്റില്‍ കാണിക്കുന്നത്.
സൈറ്റ് ഹാക്ക് ചെയ്തോ മറ്റേതെങ്കിലും രീതിയിലോ തട്ടിപ്പുസംഘം കൃത്രിമം നടത്തിയതാകാം. നിയമവിരുദ്ധമായാണു വാഹനങ്ങളുടെ വില്പന നടത്തുന്നത്.
ജിഎസ്ടി തട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ഫിറ്റ്നസ്, ഇന്‍ഷ്വറന്‍സ് എന്നിവയൊന്നുമില്ലാതെയാണു വാഹനങ്ങള്‍ ഓടുന്നത്. പുറത്തുനിന്ന് വാഹനങ്ങള്‍ എത്തിച്ചാല്‍ ഒരുമാസത്തിനകം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്നാണു നിയമം. എന്നാല്‍ എട്ടു മാസമായിട്ടും വാഹനം രജിസ്റ്റര്‍ ചെയ്യാതെ വിദേശനമ്പറുകളില്‍ കേരളത്തില്‍ ഓടുന്നുണ്ട്.