നെൽകൃഷിയിലെ പ്രശ്നങ്ങൾ: കേന്ദ്രസംഘം ചർച്ച നടത്തി
Wednesday, September 24, 2025 1:49 AM IST
കൊച്ചി: കേന്ദ്ര കൃഷി മന്ത്രാലയത്തിലെ വിദഗ്ധസംഘം കേരളത്തിലെ നെൽകർഷകരുമായി ചർച്ച നടത്തി. കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്. രുഗ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനെത്തിയത്.
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന യോഗത്തിൽ സംസ്ഥാനത്തു നെൽകൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ചയായി. ഉയർന്ന വിളവ് നൽകുന്ന നെല്ലിനങ്ങളുടെ വികസനം, യന്ത്രവത്കരണം, കുട്ടനാട് നെല്ലിന്റെ ജിഐ ടാഗിംഗ്, കൃഷിയിൽ ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം, ഇക്കോ-ടൂറിസം തുടങ്ങിയവ ആവശ്യമാണെന്ന് നിർദേശമുയർന്നു.
കേന്ദ്രസംഘം 26 വരെ കുട്ടനാട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിലെ (ഐഐആർആർ) ശാസ്ത്രജ്ഞരും സംഘത്തിലുണ്ട്. പ്രശ്നങ്ങൾ മനസിലാക്കി അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര കൃഷി ജോയിന്റ് സെക്രട്ടറി പറഞ്ഞു.
കേന്ദ്ര കൃഷി ഡെപ്യൂട്ടി കമ്മീഷണർ എ.എൻ. മേശ്രാം, കാർഷിക എൻജിനിയർ ശശികാന്ത് പവാർ, ഐഐആർആർ സീനിയർ സയന്റിസ്റ്റ് ഡോ. ദിവ്യ ബാലകൃഷ്ണൻ, സയന്റിസ്റ്റുമാരായ ഡോ. വി. മാനസൻ, ഡോ. എസ്. വിജയകുമാർ, ഡോ. ആർ. ഗോപിനാഥ് എന്നിവരും സംഘത്തിലുണ്ട്.
മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഡോ. കെ. ജി. പത്മകുമാർ, സി. കൃഷ്ണകുമാർ, ഷാജി രാഘവൻ തുടങ്ങിയവർ സംഘവുമായി ആശയവിനിമയം നടത്തി.
കേന്ദസംഘം ഇന്ന് ആലപ്പുഴയിൽ
കേരളത്തിലെ നെൽകർഷകരുടെ വിവിധ വിഷയങ്ങളിലുള്ള പ്രശ്നപരിഹാരത്തിനായി കേന്ദ്ര കൃഷിമന്ത്രാലയം നിയോഗിച്ച സംഘം ഇന്ന് ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ചേർത്തല അന്ധകാരനഴി, കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുട്ടനാട് സന്ദർശനത്തിനു മുന്നോടിയായിട്ടാണ് ഏഴംഗ വിദഗ്ധ സംഘം എത്തുന്നത്.