എസ്ഐആര്: ഉദ്യോഗസ്ഥരെ വിട്ടു നൽകുന്നതു ബുദ്ധിമുട്ടാകും; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
Wednesday, September 24, 2025 1:49 AM IST
തിരുവനന്തപുരം: വരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട മാസങ്ങളാകുമെന്നും ഇക്കാലയളവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി (എസ്ഐആർ) വിട്ടു നൽകാൻ ബുദ്ധിമുട്ടാകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആകും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടുഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ മൂന്നാം വാരമോ അവസാന വാരമോ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. ഭരണ സമിതി ചുമതലയേൽക്കുന്നതും തുടർന്നുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ഡിസംബർ 20 വരെയുള്ള സമയക്രമം വേണ്ടിവരും.
തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ, കളക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിവിധ തലങ്ങളിലെ വരണാധികാരികളാണ്. ഈ സമയങ്ങളിൽ ഇവർക്ക് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ അധിക ചുമതല നൽകുന്നതു തദ്ദേശ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചർച്ചയിൽ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ എസ്ഐആറുമായി മുന്നോട്ടു പോകരുതെന്ന് അഭ്യർഥിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ഇതേ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസ് സന്ദർശിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലും തദ്ദേശ തെരഞ്ഞെടുപ്പു സമയത്ത് എസ്ഐആർ നടത്തരുതെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല ഏജന്റുമാർക്ക് രണ്ടു നടപടിയുമായി ഒരേ സമയം മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിർദേശത്തെ തുടർന്നായിരുന്നു നടപടി. ബിഎൽഎമാരിൽ പലരും തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.