സ്ത്രീധന നിരോധന നിയമം: കേന്ദ്രം സമയം തേടി
Wednesday, September 24, 2025 1:49 AM IST
കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റമാകുന്ന നിയമത്തിലെ വ്യവസ്ഥയ്ക്കെതിരേയുള്ള ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി.
സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു എറണാകുളം സ്വദേശി ടെൽമി ജോളിയാണു ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ച ഹർജി ഒക്ടോബർ 14ലേക്കു മാറ്റി.
സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്ന വകുപ്പ് പരാതികൾ ഉന്നയിക്കുന്നതിൽനിന്നു വധുവിന്റെ വീട്ടുകാരെ പിന്തിരിപ്പിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക യാഥാർഥ്യങ്ങൾ മനസിലാക്കാതെയാണു സ്ത്രീധനം നൽകുന്നതിനെ കുറ്റമായി കണക്കാക്കുന്നതെന്നുമാണ് ഹർജിയിലെ വാദം.
സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള പരാതികളുന്നയിക്കാൻ പ്രത്യേക പോർട്ടൽ ആരംഭിച്ചതായി സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നു.