കെപിസിസി പുനഃസംഘടന സജീവ ചർച്ചയിലേക്ക്
Wednesday, September 24, 2025 1:49 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഉപേക്ഷിച്ചെന്നു കരുതിയ കെപിസിസി പുനഃസംഘടന വീണ്ടും സജീവ ചർച്ചകളിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ തമ്മിലാണ് പ്രധാനമായും ചർച്ച നടക്കുന്നത്.
വിവിധ നേതാക്കൾ നൽകിയ 170 പേരടങ്ങിയ കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സെക്രട്ടറിമാരുടെ എണ്ണം 90 ആക്കി ചുരുക്കുന്നതിനാണ് ചർച്ചകൾ. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ സെക്രട്ടറിമാരുടെ എണ്ണം 140 വരെ എത്തിയാൽ ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന വാദവുമുണ്ട്.
കഴിഞ്ഞ ഒൻപതര വർഷമായി പ്രതിപക്ഷത്തു നിൽക്കുന്ന പാർട്ടിക്കു വേണ്ടി സമരങ്ങളും പ്രതിഷേധങ്ങളും നടത്തി, പോലീസിന്റെയും സിപിഎമ്മുകാരുടെയും അക്രമങ്ങൾക്ക് ഇരയായവരും കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരുമായ നേതാക്കളിൽ പലരും ഇന്നു പാർട്ടിയിൽ ഒരു സ്ഥാനവുമില്ലാതെ അലയുകയാണ്. യൂത്ത് കോണ്ഗ്രസ്, കെഎസ്യു സംസ്ഥാന ഭാരവാഹിത്വം ഒഴിഞ്ഞവർക്കും നിലവിൽ സ്ഥാനങ്ങളില്ല. ഇവരെക്കൂടി ഉൾപ്പെടുത്തി ഉടനടി കെപിസിസി പുനഃസംഘടന നടത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി വ്യാപകമാകുമെന്ന അഭിപ്രായത്തെ തുടർന്നാണ് പുനഃസംഘടനാ ചർച്ചകൾക്കു വീണ്ടും ജീവൻ വച്ചത്.
ഏഴു വൈസ് പ്രസിഡന്റുമാരും 40 ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കെപിസിസി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രൻ അന്തരിച്ച ശേഷം ഈ ഒഴിവു നികത്തിയിട്ടില്ല. നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള രാഷ്ട്രീയ കാര്യസമിതി അംഗമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവുമുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന ഉടൻ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും തർക്കം മൂലം നടന്നില്ല. ഈ പട്ടികയും ഇപ്പോൾ പുനഃപരിശോധനയിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇപ്പോൾ പ്രധാനമായും തർക്കം തുടരുന്നത്. മറ്റു ചില ജില്ലകളിലെ പേരുകളും അന്തിമമാക്കാനുണ്ട്.
സെക്രട്ടറിമാർക്കു പകരം ഓരോ അസംബ്ലി നിയോജകമണ്ഡലം തലത്തിലും കോ-ഓർഡിനേറ്റർമാരെ നിയമിക്കാമെന്നു നിലവിലെ ഒരു വർക്കിംഗ് പ്രസിഡന്റ് ശിപാർശ ചെയ്തെങ്കിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശം അംഗീകരിച്ചിട്ടില്ല. കെപിസിസി സെക്രട്ടറിമാർക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതല നൽകാമെന്ന നിർദേശമാണ് പകരം കെപിസിസി പ്രസിഡന്റ് മുന്നോട്ടു വച്ചത്.
ബിഹാറിലെ പാറ്റ്നയിൽ നടക്കുന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം പുനഃസംഘടനാ ചർച്ചകൾ കൂടുതൽ വേഗത്തിലാക്കാനാണു തീരുമാനം. ഇത്തവണ ചർച്ച വിജയിച്ചില്ലെങ്കിൽ തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുൻപ് കെപിസിസി, ഡിസിസി പുനഃസംഘടന നടക്കില്ലെന്നാണ് വിവരം.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയവർ അടക്കമുള്ള മുതിർന്ന നേതാക്കളുമായാണ് കെപിസിസി പ്രസിഡന്റ് ചർച്ച നടത്തുന്നത്.