മോട്ടോർ വാഹനവകുപ്പ്; കാഷ് രജിസ്റ്റർ പരിഷ്കരിച്ച ഉത്തരവ് സർക്കാർ അറിഞ്ഞില്ലെന്നു പരാതി
Wednesday, September 24, 2025 1:49 AM IST
സി.എസ്. ദീപു
തൃശൂർ: വിജിലൻസ് പരിശോധനയിൽനിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരേ പരാതി. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശിപാർശയിൽ ഗതാഗതവകുപ്പ് സെക്രട്ടറിക്കുവേണ്ടി അണ്ടർസെക്രട്ടറിയാണ് കഴിഞ്ഞവർഷം ഡിസംബറിൽ ഉത്തരവ് ഇറക്കിയത്. കാഷ് രജിസ്റ്ററുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്നു ചൂണ്ടിക്കാട്ടിയാണ് അണ്ടർ സെക്രട്ടറിക്കു ശിപാർശചെയ്തത്.
സർക്കാരിന്റെയോ നിയമവകുപ്പിന്റെയോ വിജിലൻസിന്റെയോ അഭിപ്രായം ആരായാതെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ്കുമാറിന്റെ സ്വാധീനത്തിലാണ് ഉത്തരവിറക്കിയതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ടോറസ്-ടിപ്പർ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എ. ജെനീഷാണു വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. പരാതി ഗതാഗതവകുപ്പിനു കൈമാറിയെങ്കിലും നടപടിയെടുത്തിട്ടില്ല. ഇതേത്തുടർന്നാണ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 18നു വീണ്ടും പരാതി നൽകിയത്.
രണ്ടായിരം രൂപയിൽ താഴെ തുക കൈവശമുള്ളവർ പണത്തിന്റെ മൂല്യം, കറൻസി നന്പർ, ആവശ്യം എന്നിവ പ്രൈവറ്റ് കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതില്ല, രണ്ടായിരം രൂപയിൽ കൂടുതൽ പണം കൈവശമുള്ളവർ തുക രേഖപ്പെടുത്തണം, ഫീൽഡ് ഡ്യൂട്ടിയുള്ള ജീവനക്കാർ ഓഫീസിലെത്തുന്പോൾമാത്രം തുക പ്രൈവറ്റ് കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തിയാൽ മതിയാകും.
ബാങ്ക്- ട്രഷറി എന്നിവിടങ്ങളിൽനിന്നു തുകയെടുക്കുന്നവർ അതിന്റെ രസീത് കൈയിൽ സൂക്ഷിച്ചാൽ മതിയെന്നും വീണ്ടും പ്രൈവറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതില്ല എന്നുമടക്കമുള്ള നിബന്ധനകൾ പാലിച്ച് മോട്ടോർ വാഹനവകുപ്പ്-ഗതാഗതവകുപ്പ് ഓഫീസുകളിൽ സൂക്ഷിക്കുന്ന രജിസ്റ്ററിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താം എന്നാണ് ഉത്തരവിൽ പറയുന്നത്.
രജിസ്റ്ററുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്നാവശ്യപ്പെട്ട് 2023 ഫെബ്രുവരിയിലാണു ട്രാൻസ്പോർട്ട് സെക്രട്ടറിക്കു തിരുവനന്തപുരം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കത്തു നൽകിയത്. ഇക്കാര്യം പരിശോധിക്കാനുള്ള കമ്മിറ്റി രൂപവത്കരിച്ചതും അന്നത്തെ ഡിടിസിയുടെ നേതൃത്വത്തിലാണ്. രജിസ്റ്ററിൽനിന്ന് ഒഴിവാക്കാവുന്ന കുറഞ്ഞ തുക 500ൽ നിന്ന് 2,000 ആക്കിയതു കമ്മിറ്റി നിർദേശപ്രകാരമാണ്.
വിജിലൻസ് പരിശോധനയിൽ പിടിക്കപ്പെട്ടാൽപ്പോലും എഎംവിഐ, എംവിഐ എന്നിവരെ രക്ഷിക്കാൻ മനോജ് കുമാർ അണ്ടർ സെക്രട്ടറിയെ സ്വാധീനിച്ച് നിയമങ്ങൾ പരിശോധിക്കാതെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു എന്നാണ് ആരോപണം.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവർ ഫിറ്റ്നസ് ടെസ്റ്റുകൾ അടക്കമുള്ളവ നടത്തി ഗ്രൗണ്ടിൽനിന്നു മടങ്ങുന്പോൾ വിജിലൻസ് നടപടിയിൽനിന്ന് ഒഴിവാക്കാനാണ് ഓഫീസിലെത്തിയശേഷംമാത്രം കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തിയാൽ മതിയെന്ന നിബന്ധന ഉൾപ്പെടുത്തിയത്.
ഈ ഉത്തരവിറക്കാൻ എംവിഐ, എഎംവിഐ എന്നിവരിൽനിന്നു വൻതോതിൽ പണപ്പിരിവു നടത്തിയെന്ന ആരോപണവും പരാതിയിൽ ഉന്നയിക്കുന്നു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, അണ്ടർ സെക്രട്ടറി എന്നിവരുടെ നടപടി അഴിമതിനിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.