സെന്റ് പയസ് ടെൻതിന് അഭിമാനം ; ആഗോളതലത്തിലെ മികച്ച ഗവേഷകരുടെ പട്ടികയിൽ
വീണ്ടും ഡോ. സിനോഷ്
Wednesday, September 24, 2025 1:49 AM IST
രാജപുരം (കാസർഗോഡ്): ആഗോളതലത്തിലെ മികച്ച ഗവേഷകരുടെ പട്ടികയിൽ രണ്ടാം വട്ടവും മുൻനിരയിൽ സ്ഥാനം പിടിച്ച് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മൈക്രോബയോളജി വിഭാഗം അസി. പ്രഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ.
ഈ പട്ടികയിൽ ഉൾപ്പെട്ട 50 വയസിൽ താഴെ പ്രായമുള്ള ആദ്യ മലയാളിയെന്ന നേട്ടവും സിനോഷ് സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ റാങ്കിംഗിനേക്കാൾ 200 പോയിന്റ് മുന്നേറിയാണ് ഈ വർഷത്തെ നേട്ടം. അമേരിക്കയിലെ സ്റ്റാൻഡ്ഫോർഡ് സർവകലാശാലയും എൽസിവർ പബ്ലിഷിംഗ് കമ്പനിയും ചേർന്ന് ഓരോ വർഷവും പുറത്തിറക്കുന്ന ആഗോളതലത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പട്ടികയിലാണ് ഡോ. സിനോഷ് സ്കറിയച്ചന്റെ പേര് വീണ്ടും ഇടം നേടിയത്.
സെന്റ് പയസ് ടെൻത് കോളജ്, കാസർഗോഡ്, ഇന്ത്യ എന്ന വിവരണത്തോടെയാണ് സിനോഷിന്റെ പേര് പട്ടികയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
സിനോഷിന്റെ 145 ഗവേഷണ പ്രബന്ധങ്ങളാണ് ഇതുവരെ ആഗോളതലത്തിലെ ഏറ്റവും മികച്ച സയൻസ് ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അപകടകാരികളായ ബാക്ടീരിയകൾക്കെതിരേ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പ്രയോഗം, ബയോഇൻഫർമാറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി എന്നിവയുടെ സഹായത്തോടെയുള്ള മരുന്നു ഗവേഷണം, സൂക്ഷ്മജീവികളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിർമാർജനം, സമുദ്രത്തിനുള്ളിലുള്ള മറൈൻ സ്പോഞ്ചുകളിൽനിന്നും വേർതിരിച്ചെടുക്കാവുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ തുടങ്ങിയവയാണ് സിനോഷിന്റെ പ്രധാന ഗവേഷണ മേഖലകൾ.
രാജപുരം സെന്റ് പയസ് ടെന്ത് കോളജിൽ 2019 മുതൽ അസി. പ്രഫസർ ആണ്. ചെറുപനത്തടി വട്ടക്കുടിയിൽ വി.വി. സ്കറിയാച്ചന്റെയും ജാൻസിയുടെയും മകനാണ്.
ഭാര്യ ഡോ. ധന്യ പി. എലിസബത്ത് ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജിസ്റ്റാണ്. ഉജ്വൽ (ആറാംക്ലാസ് വിദ്യാർഥി, കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് ), പ്രജ്വൽ (ഒന്നാംക്ലാസ് വിദ്യാർഥി, കോട്ടച്ചേരി ജിഎൽപിഎസ്) എന്നിവർ മക്കളാണ്.