സ്വർണാഭരണങ്ങൾ കവർന്ന വ്യാജ ഡോക്ടർ പിടിയിൽ
Wednesday, September 24, 2025 1:49 AM IST
കൂത്താട്ടുകുളം: ഡോക്ടർ ചമഞ്ഞു വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നയാൾ പോലീസിന്റെ പിടിയിലായി. ഫോർട്ടുകൊച്ചി അമരാവതി കൂലായത്ത് സ്റ്റീവൻ റെക്സൺ തോമസിനെ(25)യാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിപ്പിള്ളി വണ്ടമ്പ്ര കാളശേരിൽ ഉഷ അശോകന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണു മോഷണം പോയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പന്തളത്തുനിന്ന് പിടികൂടുകയായിരുന്നു.
ഒരു പവൻ വീതമുള്ള രണ്ടു സ്വർണവളകളും 23.900 ഗ്രാം തൂക്കമുള്ള ഒരു സ്വർണമാലയും അരപ്പവൻ തൂക്കം വരുന്ന രണ്ടു ജോഡി കമ്മലും ഉൾപ്പെടെ 43.900 ഗ്രാം സ്വർണാഭരണങ്ങളാണു മോഷണം പോയത്.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉഷയുടെ കോഴിപ്പിള്ളിയിലുള്ള വീട്ടിൽ സ്റ്റീവൻ താമസിച്ചിരുന്നു. വിധവയായ ഉഷയുടെ വീടുപണി നടന്നുവരികയാണ്. മക്കൾ വിദേശത്തായതിനാൽ വീടുപണി നോക്കിനടത്തുന്നതിന് സഹായത്തിനായാണ് സ്റ്റീവൻ എത്തിയത്. താൻ ഡോക്ടറാണെന്നാണ് സ്റ്റീവൻ ഉഷയോടു പറഞ്ഞിരുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന മാല മാറിയെടുക്കുന്നതിനായി ഉഷ ജ്വല്ലറിയിൽ എത്തിയപ്പോഴാണു മാല റോൾഡ് ഗോൾഡ് ആണെന്നു മനസിലാകുന്നത്. ഉടൻ വീട്ടിൽ തിരിച്ചെത്തി അലമാര പരിശോധിച്ചപ്പോൾ അലമാരയിലിരുന്ന മറ്റു സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് കൂത്താട്ടുകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിൽ കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോർട്ടുകൊച്ചിയിൽ കംപ്യൂട്ടർ സർവീസിംഗ് ജോലി ചെയ്തുവരികയായിരുന്നു പ്രതി.