മാർത്തോമ്മ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമം: നിയമനടപടി വൈകുന്നത് പ്രതിഷേധാർഹമെന്ന് സുപ്പീരിയർ
Wednesday, September 24, 2025 1:49 AM IST
കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ വൈകുന്നതു പ്രതിഷേധാർഹമെന്ന് സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക. കുറ്റവാളികൾക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ പോലീസ് നിഷ്ക്രിയത്വം തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എറണാകുളം സബ് കോടതിയുടെ 2007ലെ ഉത്തരവും പ്രൊഹിബിറ്ററി ഓർഡറും ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ നാലിനു പുലർച്ചെ ഒന്നിനും നാലിനുമിടയിൽ ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി മാർത്തോമ്മാ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത്. ഭൂമി സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലാണ്. ഭൂമിയുടെമേലുള്ള മാർത്തോമ്മാ ഭവനത്തിന്റെ കൈവശാവകാശം കോടതി അംഗീകരിച്ചിട്ടുള്ളതിനാൽ നിയമപരമായ പൂർണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു.
സ്ഥലത്തിന്റെ ഉടമ മാർത്തോമ്മ ഭവനം
1982ൽ മാർത്തോമ്മാ ഭവനം അധികൃതർക്കു സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വില്പന നടത്തി. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവനംതന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറു പാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്.
ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ 45 വർഷമായുള്ള ഏഴ് അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജലവിതരണത്തിനുള്ള പൈപ്പുകളും സിസിടിവി കാമറകളും തകർത്തു. പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തി. കോൺക്രീറ്റ് നിർമിതികൾ അവിടെ സ്ഥാപിച്ചതിനു പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണു കൈയേറ്റക്കാരുടെ ചെയ്തികൾ. പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിടനിർമാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു.
ജനപ്രതിനിധികൾ ഇടപെടണം
ഇപ്പോഴും ഇപ്രകാരമുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കൈയേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പോലീസ് മേലുദ്യോഗസ്ഥരും നിഷ്ക്രിയത്വം തുടരുകയാണ്.
നഗ്നമായ ഈ നിയമലംഘനത്തിനെതിരേ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. പരിഹാരം കണ്ടെത്താൻ ആവശ്യമായ ക്രിയാത്മകമായ ഇടപെടലുകൾ ജനപ്രതിനിധികളും നടത്തണം.
പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്.
ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നീതി ലക്ഷ്യമാക്കിയുള്ള എല്ലാത്തരം നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്ന് സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കി.