കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ പിടിയിൽ
Wednesday, September 24, 2025 1:49 AM IST
തൃശൂർ: ഹോട്ടൽ മാനേജരോട് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ചാവക്കാട് അസി. ലേബർ ഓഫീസർ കെ.എ. ജയപ്രകാശ് വിജിലൻസിന്റെ പിടിയിൽ.
കഴിഞ്ഞമാസം മുപ്പതിനു ഗുരുവായൂരിലെ റസ്റ്ററന്റിൽ പരിശോധനയ്ക്കെത്തിയ ജയപ്രകാശ് താത്കാലിക ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ ഓഫീസിലെത്താനും ആവശ്യപ്പെട്ടു.
അവിടെവച്ച് റസ്റ്ററന്റ് മാനേജരോട് 5,000 രൂപ കൈക്കൂലി വാങ്ങി. വീണ്ടും ഇയാൾ ഫോണിൽ വിളിച്ച് 5,000 രൂപ ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ 17നു ജയപ്രകാശിന് എറണാകുളം ജില്ലാ ലേബർ ഓഫീസിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു മാറിയെങ്കിലും ഇക്കാര്യം റസ്റ്ററന്റ് മാനേജരിൽനിന്നു മറച്ചുവച്ചു. ഇന്നലെ വീണ്ടും റസ്റ്ററന്റിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.