ദീപിക കളർ ഇന്ത്യ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി
Wednesday, September 24, 2025 1:49 AM IST
കൊച്ചി: ദീപിക കളർ ഇന്ത്യ സീസൺ 4ൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങി. നടി മഞ്ജു വാര്യരും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും ചേർന്ന് എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ എറിൻ ട്രീസ ബിജോയ്ക്ക് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് ദീപികയും ദീപിക ബാലസഖ്യവും ചേർന്ന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കളർ ഇന്ത്യ മത്സരത്തിൽ അയ്യായിരത്തിലധികം സ്കൂളുകളിൽനിന്നായി എട്ടു ലക്ഷത്തോളം കുട്ടികളാണ് പങ്കാളികളായത്.
ദീപിക കളർ ഇന്ത്യ സീസൺ 4ന്റെ ലോഗോ പ്രകാശനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മത്സര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനുമാണ് നിർവഹിച്ചത്. എൽകെജി മുതൽ പ്ലസ് ടുവരെ അഞ്ചു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ പങ്കാളികളായവർക്ക് മഞ്ജു വാര്യർ ഒപ്പിട്ട സർട്ടിഫിക്കറ്റാണ് നൽകുന്നത്.
സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസും ഡയറക്ടർ ഫാ. സൈമൺ പള്ളുപ്പെട്ടയും സംബന്ധിച്ചു.