ജോണ്‍സണെയും കുടുംബത്തെയും കുടിയിറക്കി; സർക്കാരിനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി
Wednesday, September 24, 2025 1:49 AM IST
തൃശൂർ: ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശം നിഷേധിച്ച സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയിൽനിന്നു തിരിച്ചടി. സ്വന്തം സ്ഥലത്തു ചായക്കട നടത്തിവന്നിരുന്ന അതിരപ്പിള്ളി തുന്പൂർമുഴിയിലെ പറോക്കാരൻ ജോണ്‍സണെയും കുടുംബത്തെയും കുടിയിറക്കിയ കേസിലാണു സംസ്ഥാന സർക്കാരിനു തിരിച്ചടി കിട്ടിയത്.
2019 നവംബർ 22നായിരുന്നു സംഭവം. വനം-റവന്യൂ വകുപ്പുകളുടെ സംയുക്തപരിശോധന കഴിഞ്ഞ് പട്ടയനടപടികൾ പുരോഗമിക്കവേ ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ജോണ്‍സണെയും കുടുംബത്തെയും കുടിയിറക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് സർക്കാരിന് അനുകൂലമായെങ്കിലും സുപ്രീം കോടതി ജോണ്സൺ സമർപ്പിച്ച തെളിവുകൾ അംഗീകരിച്ച് 2025 ജനുവരി 21 നു അനുകൂലവിധി പുറപ്പെടുവിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ജോണ്‍സണു ഭൂമിയും ജീവനോപാധികളും നാലാഴ്ചയ്ക്കുള്ളിൽ നൽകാൻ ഉത്തരവിടുകയും ചെയ്തു. നിയമവിരുദ്ധമായാണ് ഹൈക്കോടതിയിൽ വനംവകുപ്പ് രേഖകൾ നൽകിയതെന്നു ജോണ്‍സണെ സഹായിച്ച സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്ററിനു ബോധ്യപ്പെട്ടതോടെയാണു കേസിന്റെ ഗതിമാറിയത്.
പല കാര്യങ്ങളും സർക്കാർ ഹൈക്കോടതിയിൽനിന്നു മറച്ചുവച്ചു. ഇക്കാര്യം മനസിലാക്കിയശേഷമാണ് മനുഷ്യാവകാശ സംരക്ഷണകേന്ദ്രത്തിന്റെ സഹായത്തോടെ ജോണ്സൺ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ജനുവരിയിലെ സുപ്രീംകോടതി വിധിക്കു പിന്നാലെ ജോണ്‍സെന്റ ഭൂമി അളന്നുതിട്ടപ്പെടുത്തിയെങ്കിലും വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ വീണ്ടും ഹർജി നൽകി. സുപ്രീം കോടതി ഈ ഹർജി തള്ളുകയും ജോണ്സണ് നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുകയുമായിരുന്നു.
ഒക്ടോബർ 14ന് ചാലക്കുടി ഡിഎഫ്ഒ, കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ചർ എന്നിവർ കേസിൽ നേരിട്ടു ഹാജരാകണം. ചീഫ് സെക്രട്ടറി കൂടി ഹാജരാകണമെന്നു നിർദേശിച്ചെങ്കിലും സർക്കാർ വക്കീലിന്റെ അഭ്യർഥനയെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു.
വിദ്യാർഥികളായ മക്കളും ഭാര്യയും പ്രായമായ മാതാപിതാക്കളും ഉൾപ്പെട്ടതാണ് ജോണ്‍സന്റെ കുടുംബം. 2019 മുതൽ വാടകവീടുകളിലാണ് കുടുംബം താമസിക്കുന്നത്. ലക്ഷക്കണക്കിനു രൂപ ഫീസ് വാങ്ങുന്ന മുന്തിയ അഭിഭാഷകരെയാണ് സർക്കാർ കേസ് വാദിക്കാൻ സുപ്രീംകോടതിയിൽ നിയോഗിച്ചതെന്നും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
പരാതിക്കാരായ ജോണ്സൺ പറോക്കാരൻ, ഭാര്യ റുബീന ജോണ്സൺ, കെ.വി. ജോസഫ്, വി.കെ. കാസിം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.