പിണറായിയുടേത് കപടഭക്തി: വി.ഡി. സതീശൻ
Wednesday, September 24, 2025 1:49 AM IST
പാലക്കാട്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ തോല്‍വി മുന്നില്‍ക്കണ്ടുള്ള അയ്യപ്പഭക്തിയാണു സര്‍ക്കാരിനെന്നും പിണറായി വിജയനു കപടഭക്തിയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. പാലക്കാട് ജില്ലാ യുഡിഎഫ് നയവിശദീകരണ കണ്വന്ഷന് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി കേരളത്തിനു മുന്നില്‍ പരിഹാസ്യനായി നില്‍ക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിണറായി വിജയനും ഒരേ ലൈനാണ്. പിണറായി കാഷായവസ്ത്രം ധരിക്കേണ്ട കുറവു മാത്രമേ ഉള്ളൂവെന്നും സതീശൻ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും സര്‍ക്കാര്‍ പറ്റിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. സിപിഎമ്മില്‍നിന്നും സിപിഎം സഹയാത്രികരില്‍നിന്നും യുഡിഎഫിനു വോട്ടു കിട്ടും. നല്ല കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരരുതെന്നാണെന്നും വി.ഡി. സതീശന് പറഞ്ഞു.